TMJ
searchnav-menu
post-thumbnail

നിതീഷ് കുമാർ | PHOTO: PTI

TMJ Daily

ഖാര്‍ഗെ INDIA മുന്നണി ചെയര്‍മാന്‍; ഏറ്റെടുക്കാൻ വിസമ്മതിച്ച് നിതീഷ് കുമാർ

13 Jan 2024   |   1 min Read
TMJ News Desk

കോണ്‍ഗ്രസ് ദേശീയ പസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷ സഖ്യമായ INDIA മുന്നണി ചെയര്‍മാനായി തിരഞ്ഞെടുത്തു. സീറ്റ് പങ്കുവയ്ക്കല്‍ ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് മുന്നണി അധ്യക്ഷനെ തിരഞ്ഞെടുത്തത്. ഓണ്‍ലൈനായി ചേര്‍ന്ന INDIA മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പേര് യോഗത്തില്‍ നിര്‍ദേശിച്ചെങ്കിലും സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നുതന്നെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ആളുവരണമെന്നാണ് നിതീഷ് അഭിപ്രായപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ ഓണ്‍ലൈനായി നടത്തിയ യോഗത്തിലാണ് തീരുമാനമുണ്ടായത്. നിതീഷ് കുമാറിനെ കണ്‍വീനറാക്കണമെന്ന് ജെഡിയു നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുകളെ തുടര്‍ന്നാണ് നിതീഷ് സ്ഥാനം ഏല്‍ക്കാതിരുന്നതെന്നും പറയപ്പെടുന്നു.

നിലപാട് കടുപ്പിച്ച് മമത 

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി യോഗത്തില്‍ നിന്നു വിട്ടുനിന്നു. നിതീഷ് കുമാറിനെ കണ്‍വീനറാക്കുന്നതില്‍ മമത നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിക്കും ഇതേ നിലപാടാണ് ഉണ്ടായിരുന്നത്. 

INDIA മുന്നണിയെ പ്രതിസന്ധിയിലാക്കുന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സീറ്റ് തര്‍ക്കം. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് പങ്കിടല്‍ ധാരണ എങ്ങുമെത്താതെ നീങ്ങുമ്പോള്‍ നിലപാട് കൂടുതല്‍ കടുപ്പിക്കുകയാണ് മമത. സീറ്റ് ധാരണ സംബന്ധിച്ച് മുന്നണിയിലെ മറ്റ് കക്ഷികളുമായി ചര്‍ച്ച നടത്തുന്ന കോണ്‍ഗ്രസിന്റെ അഞ്ചംഗ ദേശീയ സഖ്യസമിതിയെ കാണില്ലെന്നും തങ്ങളുടെ തീരുമാനം ഇതിനകം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞദിവസം പറഞ്ഞത്.

#Daily
Leave a comment