ഹാനി ബാബുവിന് ഡോക്ടറേറ്റ് സമ്മാനിച്ച് ബെല്‍ജിയത്തിലെ ഗെന്റ് സര്‍വ്വകലാശാല
ജയിലില്‍ കഴിയുന്ന ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍, ഡോക്ടര്‍ ഹാനി ബാബുവിന് ഹോണററി ഡോക്ടറേറ്റ് സമ്മാനിച്ചിരിക്കുകയാണ് ബെല്‍ജിയത്തിലെ ഗെന്റ് സര്‍വ്വകലാശാല. ഭിമാ-കൊറേഗാവ് സംഭവുമായി ബന്ധപ്പെട്ട് യുഎപിഎ വകുപ്പുകള്‍ ചുമത്തപ്പെട്ട ഹാനി ബാബു, 2020 മുതല്‍ തടവില്‍ കഴിയുകയാണ്.
ഗെന്റ് സര്‍വ്വകലാശാലയുടെ ഫാക്കള്‍ട്ടി ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് ഫിലോസഫിയുടെ ശുപാര്‍ശ പ്രകാരമാണ് ഹോണററി ഡോക്ടറേറ്റ് നല്‍കിയിരിക്കുന്നത്. അക്കാദമിക സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ഭാഷാപരമായ അവകാശങ്ങളോടും, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളോടുമുള്ള പ്രതിബദ്ധത എന്നിവ കണക്കിലെടുത്താണ് ആദരവെന്ന് സര്‍വ്വകലാശാല വ്യക്തമാക്കുന്നു. ഹാനി ബാബുവിനെ പ്രതിനിധീകരിച്ച് സര്‍വ്വകലാശാലയുടെ ലിംഗ്വിസ്റ്റിക്‌സ് വിഭാഗം അനുബന്ധ രേഖകള്‍ കൈപ്പറ്റുമെന്ന് ഭാര്യ ജെന്നി റോവേന അറിയിച്ചു. ഡല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊഫസറാണ് ജെന്നി.
1817 ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഗെന്റ് സര്‍വ്വകലാശാല. സര്‍വ്വകലാശാലകളുടെ ലോക റാങ്കിങില്‍, ആദ്യ നൂറില്‍ ഉള്‍പ്പെടുന്ന ഉന്നത നിലവാരം പുലര്‍ത്തുന്ന അക്കാദമിക കേന്ദ്രം കൂടിയാണ് ഗെന്റ്.