PHOTO: WIKI COMMONS
ബഫണ്‍ ബൂട്ടഴിക്കുന്നു
ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായ ജിയാന്‍ ലൂയി ബഫണ്‍ കളി മതിയാക്കുന്നു. നാല്‍പ്പത്തിയഞ്ചാം വയസ്സിലാണ് ബഫണിന്റെ തീരുമാനം. 2006 ല്‍ ഇറ്റലി ലോകകപ്പ് നേടിയ സ്‌ക്വാഡിലെ പ്രധാന താരമായിരുന്ന ബഫണ്‍ അവസാനിപ്പിക്കുന്നത് 28 വര്‍ഷം നീണ്ട് നില്‍ക്കുന്ന തന്റെ കരിയറാണ്. ഇപ്പോള്‍ ഇറ്റലിയിലെ സെക്കന്‍ഡ് ഡിഫിഷന്‍ ലീഗായ സീരി ബി യിലെ പാര്‍മയ്ക്ക് വേണ്ടിയാണ് ബഫണ്‍ കളിക്കുന്നത്. പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റായ ഫാബ്രീസിയോ റൊമാനോയാണ് താരം വിരമിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഉടന്‍ തന്നെ ഔദ്യോഗികമായ അറിയിപ്പ് ഉണ്ടാകും.
ഇറ്റാലിയന്‍ മതില്‍
1997 ലാണ് ഇറ്റലിയുടെ ദേശീയ ടീമിനായി ബഫണ്‍ ബൂട്ട് കെട്ടിയത്. പിന്നീട് 2018 വരെ ടീമിന്റെ ഒന്നാം നമ്പര്‍ ജേഴ്സി ബഫണിന്റേതായിരുന്നു. ഇറ്റലിക്കായി 5 ലോകകപ്പുകളില്‍ ഇറങ്ങിയ ബഫണ്‍ 2006 ലെ ലോകകപ്പ് നേടിയ ടീമിന്റെ നെടുന്തൂണായിരുന്നു. ഫൈനലില്‍ സിദാന്റെ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി കന്നവാരോ ഇറ്റലിക്കായി കപ്പുയര്‍ത്തുമ്പോള്‍ ബഫണ്‍ ആ ലോകകപ്പില്‍ നടത്തിയത് എണ്ണം പറഞ്ഞ സേവുകളാണ്. ടൂര്‍ണ്ണമെന്റില്‍ ആകെ അഞ്ച് ക്ലീന്‍ ഷിറ്റുകള്‍ ബഫണ്‍ നേടിയപ്പോള്‍ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുത്തതും ബഫണിനെ തന്നെ. 2012 യൂറോ ഫൈനല്‍ വരെ ബഫണിന്റെ നേതൃത്വത്തില്‍ ഇറ്റലി എത്തിയെങ്കിലും ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയ്നിനോട് തോല്‍ക്കുകയായിരുന്നു. ഇറ്റലിക്കായി ആകെ 176 മത്സരങ്ങളിലാണ് ബഫണ്‍ ബൂട്ട് കെട്ടിയത്.
യുവന്റസ് ഇതിഹാസം
ബഫണ്‍ തന്റെ കരിയര്‍ ആരംഭിച്ചതും ഇപ്പോള്‍ അവസാനിപ്പിക്കുന്നതും ഇറ്റാലിയന്‍ ക്ലബ്ബായ പാര്‍മ്മയില്‍ നിന്നാണെങ്കിലും തന്റെ കളി ജീവിതത്തിന്റെ ഭൂരിഭാഗവും താരം ചിലവഴിച്ചത് മറ്റൊരു ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലാണ്. 1991 മുതല്‍ പാര്‍മയുടെ യൂത്ത് സിസ്റ്റത്തിന്റെ ഭാഗമായ ബഫണ്‍ 95 ലാണ് സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ആറ് വര്‍ഷം പാര്‍മ്മയ്ക്ക് വേണ്ടി ഗോള്‍ മുഖത്ത് കാവല്‍ നിന്ന ബഫണ്‍ 2001 ല്‍ യുവന്റസിലെത്തുകയായിരുന്നു. 52 മില്ല്യണ്‍ യൂറോയാണ് അന്ന് ബഫണിനായി യുവന്റസ് ചിലവാക്കിയത്. പിന്നീട് യുവന്റസിന്റെ എല്ലാമെല്ലാമായി ബഫണ്‍ മാറി. യുവന്റസ് എന്ന ക്ലബ്ബ് അതിന്റെ ഏറ്റവും മോശം സമയത്ത് നില്‍ക്കുമ്പോഴും, ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായി മാറിയ സമയത്തുമൊക്കെ ബഫണ്‍ ടീമിന്റെ ഭാഗമായിരുന്നു. യുവന്റസിനായി സീരി എ ഉള്‍പ്പടെയുള്ള പല കിരീടങ്ങളും താരം നേടി. തുടര്‍ച്ചയായ 17 വര്‍ഷം യുവന്റസിന്റെ വല കാത്ത ബഫണ്‍ 2018 ല്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി യില്‍ എത്തി. എന്നാല്‍ ഒരു വര്‍ഷം മാത്രമേ പി.എസ്.ജിയില്‍ ബഫണ്‍ ഉണ്ടായിരുന്നുള്ളൂ. 2019 ല്‍ യുവന്റസില്‍ തിരിച്ചെത്തിയ ബഫണ്‍ 2021 വരെ ടീമിന്റെ ഭാഗമായി. പിന്നീട് തന്റെ ആദ്യ ക്ലബ്ബായ പാര്‍മ്മയിലേക്ക് ബഫണ്‍ എത്തുകയായിരുന്നു. താന്‍ കളിച്ച ക്ലബ്ബുകള്‍ക്കായി പല നേട്ടങ്ങളും ബഫണ്‍ നേടിയിട്ടുണ്ടെങ്കിലും ബഫണിന് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനായിട്ടില്ല. യുവന്റസിനായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെ ബഫണ്‍ 3 തവണ എത്തിയെങ്കിലും ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.