ഗള്‍ഫില്‍ വച്ച് യുവതിക്ക് പീഡനം; പണം നല്‍കി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായി പരാതി
എറണാകുളം സ്വദേശിയായ യുവതി അജ്മാനില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. നാദാപുരം തൂണേരി സ്വദേശി അഹമ്മദ് അബ്ദുള്ളയ്‌ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ നാദാപുരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ മുഖേന 25 ലക്ഷം രൂപ തനിക്ക് വാഗ്ദാനം ചെയ്തതായി യുവതി വെളിപ്പെടുത്തി. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പ്രതി പീഡിപ്പിച്ചതായും യുവതി പറഞ്ഞു.
ദുബായില്‍ യുവതിയുടെ ബന്ധുക്കളും പ്രതിയും ഒരുമിച്ച് ബിസിനസ് നടത്തുകയാണ്. ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന തന്നെ വിളിച്ചുവരുത്തി അജ്മാന്‍ ബ്ലാക്ക് റമദ ഹോട്ടല്‍ മുറിയില്‍ വച്ച് അഹമ്മദ് അബ്ദുള്ള ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. മണിക്കൂറുകളോളം കെട്ടിയിട്ട് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ പരാതി നല്‍കാന്‍ വൈകിയെന്നും യുവതി പറഞ്ഞു.
ഖത്തറില്‍ പീഡനത്തിനിരയായെന്ന് യുവതി, പരാതി മന്ത്രിയുടെ ഓഫീസില്‍ വച്ച് ചോര്‍ന്നു
ജോലി വാഗ്ദാനം ചെയ്ത് ഖത്തറില്‍ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായും പീഡിപ്പിക്കപ്പെട്ടതായും യുവതിയുടെ പരാതി. കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രനെതിരെയാണ് പരാതി. കുളത്തൂപ്പുഴ പൊലീസ് ഇയാള്‍ക്കെതിരെ പീഡനത്തിന് കേസെടുത്തു. എന്നാല്‍ അതിജീവിതകളിലൊരാളായ യുവതി മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ഓഫീസില്‍ നല്‍കിയ പരാതി പ്രതിക്ക് തന്നെ ചോര്‍ത്തി നല്‍കിയതായി യുവതി ആരോപിച്ചു.
മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമാണ് പരാതി ചോര്‍ത്തിയതെന്നും സുധീപുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നുമാണ് യുവതിയുടെ ആരോപണം. ഖത്തറില്‍ നേരിട്ട പീഡനത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് കുളത്തൂപ്പുഴ പൊലീസ് അന്വേഷണം തുടങ്ങിയതായും യുവതി പറയുന്നു.