
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ആഗോള ക്ഷീര ഗ്രാമം; ചെലവ് 133 കോടി രൂപ
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തില്‍ ആഗോള ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി 133 കോടി രൂപ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാറ്റിവച്ചു.
ഫിഷറീസ് മേഖലയ്ക്കായി 275 കോടി രൂപയും മൃഗസംരക്ഷണത്തിന് 317 കോടി രൂപയും അനുവദിച്ചു. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിനായി അഞ്ച് കോടി രൂപയും നല്‍കി.
മണ്ണ്, ജല സംരക്ഷണ പദ്ധതിക്കായി 77 കോടി രൂപയും നാളികേര വികസനത്തിന് 72 കോടി രൂപയും അനുവദിച്ചു. ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികള്‍ക്കായി 212 കോടി രൂപയും കശുവണ്ടി മേഖലയ്ക്കായി 53.36 കോടി രൂപയും കശുവണ്ടി ബോര്‍ഡിന് റിവോള്‍വിങ് ഫണ്ടായി 40.81 കോടി രൂപയും അനുവദിച്ചു.
കൈത്തറി ഗ്രാമത്തിനായി നാലു കോടി രൂപയും കയര്‍ വ്യവസായത്തിനായി 107.6 കോടി രൂപയും ഖാദി വ്യവസായത്തിനായി 14.8 കോടി രൂപയും അനുവദിച്ചു.
കൊച്ചി- ബംഗളുരു വ്യവസായ ഇടനാഴിക്കായി 200 കോടി രൂപ അനുവദിച്ചപ്പോള്‍ കെഎസ്‌ഐഡിസിക്ക് 127.5 കോടി രൂപയും നല്‍കി.
ഐബിഎമ്മുമായി സഹകരിച്ച് രാജ്യാന്തര എഐ കോണ്‍ക്ലേവ് സംഘടിപ്പിക്കും. സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ 25 കോടി രൂപയും അനുവദിച്ചു.
അന്താരാഷ്ട്ര ജിസിസി കോണ്‍ക്ലേവ് ഈ വര്‍ഷം നടത്തും. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് സ്റ്റാര്‍ട്ട്അപ്പുകളുടെ എണ്ണം 5000 കടന്നു. കായിക ഉച്ചകോടി വഴി 5000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്ന് മന്ത്രി അറിയിച്ചു.
വന്യജീവി ആക്രമണം തടയുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. 50 കോടി രൂപയാണ് ഇതിനായി പ്രഖ്യാപിച്ചത്.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി 60 കോടി രൂപ മാറ്റിവച്ചു. ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികള്‍ക്ക് 212 കോടി രൂപയും ഖാദി വ്യവസായത്തിന് 14.8 കോടി രൂപയും അനുവദിച്ചു.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍ 7.5 കോടി രൂപ. ഐടി മേഖലയ്ക്കായി 507 കോടി രൂപയും മാറ്റിവച്ചു.
പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി 3821 കോടി രൂപ ചെലവഴിച്ചുവെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. വയോജന പരിചരണത്തിനായി 50 കോടി രൂപ നല്‍കും.
തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന വ്യവസായ പാര്‍ക്കുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു.