TMJ
searchnav-menu
post-thumbnail

TMJ Daily

ആഗോള തൊഴിലില്ലായ്മ 5.3% ആയി കുറഞ്ഞേക്കാം; ഐ എൽ ഒ

03 Jun 2023   |   3 min Read
TMJ News Desk

2023 ൽ ആഗോള തലത്തിലെ തൊഴിലില്ലായ്മ 5.3% ആയി കുറഞ്ഞ് കോവിഡ് വ്യാപനത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ). എന്നാൽ, നാണയപ്പെരുപ്പം, കടബാധ്യത ഉൾപ്പെടെയുള്ള പ്രതിസന്ധികൾ വികസ്വര രാജ്യങ്ങളെ ബാധിച്ചിരിക്കുകയാണ്. വികസിത-വികസ്വര രാജ്യങ്ങൾ തമ്മിൽ ആഗോള തൊഴിൽ മേഖലകളിലെ അന്തരം വർധിക്കുന്നതായും കോവിഡ്-19 വ്യാപനത്തിന് ശേഷം നിലവിലുള്ള വ്യത്യാസങ്ങൾ കൂടിയതായും റിപ്പോർട്ട് പറയുന്നു.

പ്രതിസന്ധിയെ നേരിടാനും വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പുനർനിർമ്മാണം ഉറപ്പാക്കാനും വിപുലമായ സാമൂഹിക സുരക്ഷാ പദ്ധതികളും റിപ്പോർട്ട് നിർദ്ദേശിച്ചു. 'വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ സാമ്പത്തിക വളർച്ചയിലേക്ക് മടങ്ങുമ്പോൾ, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾ ചിലവുകൾക്കായി കടം എടുക്കേണ്ടതായി വരുന്നു. ഈ സാഹചര്യം തൊഴിൽ മേഖലയിലെ വളർച്ചാ നിരക്കിനെ പരിമിതപ്പെടുത്തുന്നതായും പരാമർശിച്ചു.

'ആഗോള അസമത്വങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഓർമ്മപ്പെടുത്തലുകളാണ് പഠനത്തിൽ പരാമർശിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ ലഭ്യമാകുന്നതിലൂടെയും സാമൂഹിക സുരക്ഷ വർധിപ്പിക്കുന്നതിലൂടെയും സമ്പന്ന-ദരിദ്ര രാഷ്ട്രങ്ങൾ തമ്മിലുള്ള അന്തരം കുറയ്ക്കാൻ സാധിക്കും. ഇക്കാരണത്താലാണ് ഐഎൽഒ സാമൂഹ്യനീതിക്കായി ഒരു ആഗോള കൂട്ടായ്മ ആരംഭിക്കുന്നത്. ഇതിലൂടെ ആഗോള നയങ്ങൾക്കും പ്രവർത്തനങ്ങൾക്കും മുൻഗണന നല്കാൻ സഹായിക്കുമെന്ന്,' ഐഎൽഒ ഡയറക്ടർ ജനറൽ ഗിൽബെർട്ട് എഫ് ഹൂങ്ബോ പറഞ്ഞു.  

തൊഴിൽ മേഖലകളിൽ അന്തരം നേരിട്ട് സമ്പന്ന-ദരിദ്ര രാഷ്ട്രങ്ങൾ

ആഫ്രിക്കയിലെയും അറബ് മേഖലയിലെയും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഈ വർഷം തൊഴിലില്ലായ്മ നിരക്ക് പാൻഡെമിക്കിന് മുമ്പുള്ള തലത്തിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്നാണ് ഐഎൽഒ വ്യക്തമാക്കുന്നത്. വടക്കേ ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം, 2023 ലെ തൊഴിലില്ലായ്മ നിരക്ക് 2019 ലെ 10.9% മായി താരതമ്യം ചെയ്യുമ്പോൾ 11.2% ആണ്. സബ്-സഹാറൻ ആഫ്രിക്കയിൽ 2019 ലെ 5.7%-ൽ നിന്ന് 2023ൽ 6.3% ആയി ഉയർന്നു. അറബ് രാജ്യങ്ങളിൽ 2019-ലെ 8.7% നിന്ന് 9.3% ആയി വർധിച്ചു.

എന്നാൽ, കോവിഡ് പ്രതിസന്ധിക്ക് മുമ്പുള്ള സമയങ്ങളിലെ നിലയേക്കാൾ ഗണ്യമായി നിരക്കുകൾ കുറയ്ക്കാൻ ലാറ്റിനമേരിക്കൻ, കരീബിയൻ രാഷ്ട്രങ്ങൾക്കായെന്ന് പഠനം ചൂണ്ടിക്കാട്ടി. 2019 ലെ 8 ശതമാനത്തിൽ നിന്ന് തൊഴിലില്ലായ്മ നിരക്ക് 6.7% ആയാണ് കുറഞ്ഞിരിക്കുന്നത്. വിവിധ യൂറോപ്പ്യൻ രാജ്യങ്ങളിലും തൊഴിലില്ലായ്മ നിരക്ക് 2019-ലെ 7% അപേക്ഷിച്ച് 6.3% ആയി കുറഞ്ഞു.  മധ്യ-പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലും തൊഴിലില്ലായ്മ നിരക്ക് 2019-ലെ 9.2% നിന്ന്  7.8% ആയിട്ടുണ്ട്.

റിപ്പോർട്ട് അനുസരിച്ച്, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾ 21.5% എന്ന നിരക്കിൽ തൊഴിലില്ലായ്മ പ്രതിസന്ധി അഭിമുഖീകരിക്കുന്നു. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ നിരക്ക് 11% ന് മുകളിലാണ്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലാകട്ടെ  ഏറ്റവും കുറഞ്ഞ നിരക്കായ 8.2% രേഖപ്പെടുത്തി. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ തൊഴിലില്ലായ്മ 2005 ലെ 19.1% ൽ നിന്നാണ് 2023-ൽ 21.5% ആയി, വർധിച്ചിരിക്കുന്നത്.

കടബാധ്യത ഉയരുന്നത് വികസ്വര രാജ്യങ്ങൾക്ക് അധിക വെല്ലുവിളികൾ സൃഷ്ടിക്കുന്നുവെന്നും നയപരമായ ഇടപെടലുകളുടെ സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്നുമാണ് ഐഎൽഒയുടെ കാഴ്ചപ്പാട്. അതോടൊപ്പം, സംഘർഷവും പ്രകൃതി ദുരന്തങ്ങളും രാജ്യങ്ങളുടെ സാമ്പത്തിക നില കുത്തനെ ഇടിയുന്നതിനും കാരണമാകുന്നു. റിപ്പോർട്ട് അനുസരിച്ച്, കടബാധ്യതയും കുറഞ്ഞ വരുമാനവുമുള്ള വികസ്വര രാജ്യങ്ങളിൽ 2023 ൽ 25.7% തൊഴിൽ വിടവ് രേഖപ്പെടുത്തി. കടബാധ്യതയില്ലാത്ത വികസ്വര രാജ്യങ്ങളിൽ ഈ നിരക്ക് 11% ആണ്.

തൊഴിലില്ലായ്മ ഇന്ത്യയിലും

ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതായി സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കേയുടെ ദുരിത സൂചിക റിപ്പോർട്ടിൽ വെളിപ്പെടുത്തുകയുണ്ടായി. 157 രാജ്യങ്ങളിലെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിയാണ് പഠനം. പട്ടികയിൽ ഇന്ത്യ 103-ാം സ്ഥാനത്താണ്. തൊഴിലില്ലായ്മയാണ് ഇന്ത്യയിലെ പ്രശ്‌നമായി ഉയർത്തിക്കാട്ടുന്നത്. ദിവസം കഴിയുന്തോറും തൊഴിലില്ലായ്മ ഇന്ത്യയിൽ രൂക്ഷമാകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 തുടക്കം മുതൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വർധിച്ചുവരികയാണ്. ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുപ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. 2022 ഡിസംബറിൽ 8.30 ശതമാനമായി ഉയർന്നെങ്കിലും ഈ വർഷം ജനുവരിയിൽ 7.14 ശതമാനമായി കുറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇത് 7.45 ശതമാനമായി ഉയർന്നു. പിന്നീട് മാർച്ചിലെ 7.8 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.11 ശതമാനമായാണ് വീണ്ടും ഉയർന്നത്. ഡിസംബറിന് ശേഷമുള്ള ഉയർന്ന നിരക്കാണിത്. നഗരങ്ങളിലെ തൊഴിലില്ലായ്മ ഇതേ കാലയളവിൽ 8.51 ശതമാനത്തിൽ നിന്ന് 9.81 ശതമാനമായി. ഗ്രാമങ്ങളിലാകട്ടെ 7.47 ശതമാനത്തിൽ നിന്ന് 7.43 ശതമാനമായി കുറയുകയും ചെയ്തു.

ഏപ്രിലിൽ രാജ്യത്തെ തൊഴിൽ ശക്തി 2.55 കോടി വർധിച്ച് 46.76 കോടിയായി. 2.21 കോടി തൊഴിലവസരങ്ങൾ ലഭ്യമായതിനാൽ ഇവരിൽ 87 ശതമാനം പേർക്കും തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലിലെ തൊഴിൽ നിരക്ക് 38.57 ശതമാനമായി ഉയർന്നു. 2020 മാർച്ചിന് ശേഷമുള്ള ഉയർന്ന നിരക്കാണിത്. തൊഴിൽ തേടാനുള്ള ജനങ്ങളുടെ സന്നദ്ധതയിൽ വർധനവുണ്ടായാതായും സിഎംഐഇ മേധാവി മഹേഷ് വ്യാസ് അഭിപ്രായപ്പെട്ടു.

സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് ഹരിയാന (26.8 ശതമാനം) യിലാണ്. രാജസ്ഥാനിൽ 26.4 ശതമാനവും ജമ്മു കശ്മീരിൽ 23.1 ശതമാനവും സിക്കിം 20.7 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ബിഹാറിൽ 17.6 ശതമാനവും ഝാർഖണ്ഡിൽ 17.5 ശതമാനവും പേർക്ക് തൊഴിലില്ല. ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക് 0.8 ശതമാനമുള്ള ഉത്തരാഖണ്ഡിലും ഛത്തീസ്ഗഢിലുമാണ്. പുതുച്ചേരി 1.5 ശതമാനം, ഗുജറാത്ത് 1.8 ശതമാനം, കർണാടക 2.3 ശതമാനം, മേഘാലയ, ഒഡീഷ എന്നിവിടങ്ങളിൽ 2.6 ശതമാനം വീതവുമാണ് തൊഴിലില്ലായ്മ നിരക്കുള്ളത്.


#Daily
Leave a comment