ബെഞ്ചമിന്‍ നെതന്യാഹു | PHOTO: PTI
ലക്ഷ്യം ഹമാസിനെ തകര്‍ക്കല്‍; സമാന്തര സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് നെതന്യാഹു
ലക്ഷ്യം ഹമാസിനെ തകര്‍ക്കുക മാത്രമാണ്, ഗാസ കീഴടക്കാനോ സമാന്തര സര്‍ക്കാര്‍ രൂപീകരിക്കാനോ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും സമാന്തര സര്‍ക്കാര്‍ രൂപീകരിക്കും എന്നും നേരത്തെ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 'ഗാസയെ കീഴടക്കാനും ഭരിക്കാനും ശ്രമിക്കുന്നില്ല. അവിടെ ആവശ്യം സാധാരണക്കാരുടെ സര്‍ക്കാരാണ്. പക്ഷേ ഇസ്രയേലില്‍ 1400 പേരുടെ മരണത്തിനിടയാക്കിയതു പോലെ ഒരാക്രമണം ഇനി ആവര്‍ത്തിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്' എന്ന് നെതന്യാഹു വ്യക്തമാക്കി. ഗാസയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഭാഗത്തു നിന്നും എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ നിലപാടുമാറ്റം.
ഇടവേളകളില്ലാതെ ആക്രമണം
ആശുപത്രികളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഇസ്രയേല്‍ ഇപ്പോഴും ആക്രമണം തുടരുന്നത്. ഗാസയിലെ അല്‍ ഖുദ്‌സ് ആശുപത്രിക്ക് സമീപം വീണ്ടും ബോംബാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15 പേരാണ്. 20 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ ഗാസയില്‍ നാലു മണിക്കൂര്‍ മാനുഷിക ഇടവേള പ്രഖ്യാപിക്കാന്‍ ഇസ്രയേല്‍ സമ്മതിച്ചെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. പലായനം ചെയ്യുന്നവര്‍ക്ക് സുരക്ഷിത ഇടനാഴി ഒരുക്കാനാണ് ഏറ്റുമുട്ടലിന് അയവുവരുത്തുന്നത്. വെടിനിര്‍ത്തുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് പ്രത്യേക അറിയിപ്പ് നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച മാത്രം അമ്പതിനായിരത്തിലധികം പേര്‍ ഗാസയില്‍ ഒഴിഞ്ഞു പോയതായാണ് കണക്ക്. ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഇതുവരെ 10,812 പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.