TMJ
searchnav-menu
post-thumbnail

TMJ Daily

ഗോധ്ര ട്രെയിൻ തീവെപ്പ് കേസ്; എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

21 Apr 2023   |   2 min Read
TMJ News Desk
2002 ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ എട്ട് പ്രതികൾക്ക് ജാമ്യം നൽകി സുപ്രീം കോടതി. കുറ്റകൃത്യത്തിലെ പങ്കും തടവ് കാലയളവും കണക്കിലെടുത്താണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ, മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ കോടതി വിസമ്മതിച്ചു.

ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ പ്രതികളായ 31 പേരുടെ ജാമ്യഹർജികളാണ് ഇന്ന് കോടതിക്കു മുന്നിലെത്തിയത്. ഇതിൽ 20 പേർക്ക് ഗുജറാത്തിലെ വിചാരണാ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. 17 മുതൽ 18 വരെ വർഷങ്ങളായി ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ വിചാരണക്കോടതി നിശ്ചയിക്കും.

ഗോധ്ര ട്രെയിൻ കത്തിക്കലിനു പിന്നാലെ നടന്ന ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ നരോദ ഗാം കലാപത്തിലെ മുഴുവൻ പ്രതികളെയും ഇന്നലെയാണ് ഗുജറാത്തിലെ പ്രത്യേക കോടതി വെറുതെവിട്ടത്. മുൻ ബി.ജെ.പി മന്ത്രി മായാ കോട്‌നാനി ഉൾപ്പെടെ 67 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. മുൻ വി എച്ച്. പി നേതാവ് ജയദീപ് പട്ടേൽ, മുൻ ബജ്രങ്ദൾ നേതാവ് ബാബു ബജ്രങ്കി എന്നിവരും അഹ്‌മദാബാദിലെ പ്രത്യേക കോടതി വെറുതെ വിട്ടവരിൽപ്പെടുന്നു.

വർഗീയ കലാപത്തിന് തുടക്കം കുറിച്ച അക്രമം

രാജ്യത്തെ നടുക്കിയ വർഗീയ കലാപങ്ങളിലൊന്നായ ഗുജറാത്ത് കലാപത്തിന് തുടക്കമിട്ടത് ഗോധ്ര ട്രെയിൻ തീവെപ്പിലൂടെയായിരുന്നു. അയോധ്യയിൽ വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച പൂർണാഹൂതി മഹായജ്ഞത്തിൽ പങ്കെടുത്തു മടങ്ങിയ കർസേവകർ സഞ്ചരിച്ച സബർമതി എക്‌സ്പ്രസിന്റെ എസ് 6 കോച്ചാണ് 2002 ഫെബ്രുവരി 27ന് രാവിലെ ഗുജറാത്തിലെ ഗോധ്ര സ്റ്റേഷന് അൽപമകലെ വെച്ച് തീ വെക്കപ്പെട്ടത്. കർസേവകരും ഗോധ്ര സ്റ്റേഷനിലെ കച്ചവടക്കാരും തമ്മിൽ സ്റ്റേഷനിൽ വാക്കുതർക്കമുണ്ടായിരുന്നു. ട്രെയിൻ യാത്ര പുനഃരാരംഭിച്ച് ഒരു കിലോമീറ്റർ പിന്നിട്ട ശേഷമാണ് തീ പടർന്നത്. വാക്കുതർക്കത്തിന്റെ തുടർച്ചയായി പ്രദേശവാസികൾ ആയുധങ്ങളും ഇന്ധനവുമായി സംഘടിച്ചെത്തി തീവെക്കുകയായിരുന്നുവെന്നും ഇത് ആസൂത്രിത കുറ്റമാണെന്നുമായിരുന്നു കേസ്. ഗുജറാത്ത് വംശഹത്യ അന്വേഷിച്ച നാനാവതി കമീഷനും ഗൂഢാലോചന നിഗമനം ശരിവെച്ചു. അക്രമത്തിൽ 23 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമായി 58 ഹിന്ദു തീർത്ഥാടകർ ജീവനോടെ എരിഞ്ഞടങ്ങി. ഈ കൂട്ടക്കൊലയാണ് ഔദ്യോഗിക കണക്കനുസരിച്ച് 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും മരിക്കാനും 223 പേരെ കാണാതാകാനും ഇടയായ 2002 ലെ ഗുജറാത്ത് കലാപത്തിന് വഴിതെളിച്ചത്.

ഗോധ്ര തീവെപ്പുമായി ബന്ധപ്പെട്ട് നാട്ടുകാരായ നൂറുകണക്കിനാളുകളാണ് പിടിയിലായത്. ഒമ്പതു വർഷത്തിന് ശേഷം 2011 മാർച്ച് ഒന്നിന് വാദം കേട്ട പ്രത്യേക കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളിൽ 11 പേരെ വധശിക്ഷക്കും 26 പേരെ ജീവപര്യന്തത്തിനും വിധിച്ചു. പിന്നീട് വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി. പ്രത്യേക കോടതി ജഡ്ജി പി.ആർ പട്ടേലാണ് ശിക്ഷ വിധിച്ചത്. ഒപ്പം ഇരുപത് പ്രതികൾക്ക് ജീവപര്യന്തം തടവിനും വിധിച്ചു. 2011 ഫെബ്രുവരി 22-ന് കോടതി, പ്രതികളായ 31 പേർ കുറ്റക്കാരെന്ന നിഗമനത്തിലെത്തിയിരുന്നു. കുറ്റകരമായ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചത്. പ്രാഥമിക അന്വേഷണത്തിന് മുൻപ് തന്നെ നിഗമനങ്ങളും വ്യാഖ്യാനങ്ങളും ചമയ്ക്കപ്പെടുകയും അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുൾപ്പെടെയുള്ളവർ പ്രസ്താവനകൾ നടത്തുകയും ചെയ്തതോടെ സംഭവം പൂർണമായി വർഗീയ-രാഷ്ട്രീയവത്കരിക്കപ്പെട്ടു.

 രാജ്യത്തെ സാമുദായിക ധ്രുവീകരണം തീവ്രവേഗത്തിലാക്കിയ ഈ ഭീകരവൃത്തിയുടെ ഉള്ളുകള്ളികൾ വെളിച്ചത്തു കൊണ്ടുവരുവാനും പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുവാനും ശരിയായ വിധത്തിലൊരു ശ്രമം നടന്നതേയില്ല. തീവെപ്പിന് പിറ്റേന്നാൾ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യ ഗുജറാത്തിലാകമാനം കത്തിപ്പടർന്നു. അവിടെയുയർന്ന തീപ്പൊരികൾ രാജ്യത്തെ ഇപ്പോഴും പൊള്ളിച്ചുകൊണ്ടിരിക്കുന്നു.


#Daily
Leave a comment