
ഗോകുലം കേരള ഇന്ന് ഷില്ലോങ് ലജോങ്ങിനെ നേരിടും
ഐ ലീഗില്‍ തുടര്‍ ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ മുന്നേറി ആത്മവിശ്വാസം വീണ്ടെടുത്ത ഗോകുലം കേരള ഇന്ന് സ്വന്തം തട്ടകമായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഷില്ലോങ് ലജോങ്ങിനെതിരേ കളത്തിലിറങ്ങുന്നു. അവസാനമായി നടന്ന എവേ മത്സരത്തില്‍ ഐസ്വാള്‍ എഫ്‌സിക്കെതിരേ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങുന്നത്. തുടര്‍ച്ചയായ രണ്ടാം ജയമായിരുന്നു ഗോകുലം നേടിയത്. ജയിച്ചതോടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തിയ മലബാറിയന്‍സിന് ഇന്നും ജയിച്ചാല്‍ മൂന്നാം സ്ഥാനത്തെത്തും.
സീസണില്‍ 16 മത്സരത്തില്‍നിന്നും ഗോകുലത്തിന് അഞ്ച് തോല്‍വിയും ഏഴ് വിജയവും നാലു സമനിലയുമാണ് സമ്പാദ്യം. 16 മത്സരത്തില്‍നിന്ന് 23 പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന ഷില്ലോങ് ലജോങ് മികച്ച ടീമാണ്.
അവസാനമായി ഐസ്വാളിനെതിരേ കളിച്ച എവേ മത്സരത്തില്‍ 2-1 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിന്റെ ജയം. തൊട്ടുമുന്‍പ് ഡല്‍ഹിക്കെതിരേ നടന്ന മത്സരത്തില്‍ 6-3 എന്ന സ്‌കോറിന്റെ മികച്ച ജയമായിരുന്നു ഗോകുലം നേടിയത്. ഈ രണ്ട് ജയങ്ങള്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതിനാല്‍ ഇന്നത്തെ മത്സരത്തിലും അനായാസം ജയിച്ചു കയറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗോകുലം.
അവസാനമായി കളിച്ച മത്സരത്തില്‍ ബംഗളൂരു എഫ് സിക്കെതിരേ തോല്‍വി രുചിച്ചാണ് ലജോങ് എത്തുന്നത്. അവസാന മത്സരം തോറ്റതിനാല്‍ ജയത്തോടെ തിരിച്ചുവരുക എന്ന ലക്ഷ്യത്തോടെയാണ് ലജോങ് ഇറങ്ങുന്നത്.