
ലക്ഷം കടന്ന് സ്വർണ്ണവില
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇന്ന് ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് ₹1,01,600 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വില ₹12,700 ആണ്. ഒരു പവന് 1,760 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്.
ആഭ്യന്തര വിപണിയിൽ ഡോളറിനെതിരായ രൂപയുടെ മൂല്യത്താഴ്ചയാണ് സ്വർണവില കുതിക്കാൻ പ്രധാന കാരണങ്ങളിൽ ഒന്ന്. ഒരു ഡോളറിന്റെ മൂല്യം ₹90 കടന്നതോടെ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ ചെലവ് വർധിച്ചു. അമേരിക്കൻ ടാരിഫ് യുദ്ധവും റഷ്യ–യുക്രെയ്ൻ സംഘർഷ സ്ഥിതി വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയും ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വം വർധിപ്പിച്ചു. ഇതോടെ സുരക്ഷിത നിക്ഷേപമായി സ്വർണത്തിലേക്കും വെള്ളിയിലേക്കും നിക്ഷേപകർ കൂടുതൽ തിരിയുകയാണ്.
ഈ വർഷം ജനുവരി ഒന്നിന് പവന്‍ ₹57,200 ആയിരുന്നു സ്വർണവില. 2025ൽ ഇതുവരെ മാത്രം 44,400 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഏകദേശം ഒരു വർഷത്തിനിടെ സ്വർണവില ഇരട്ടിയായി ലക്ഷം കടന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
യുഎസ്–വെനസ്വേല ഭിന്നത ശക്തമാകുന്നതും, റഷ്യ–യുക്രെയ്ൻ സമാധാന നീക്കങ്ങൾ വീണ്ടും പരാജയപ്പെടുമെന്ന ആശങ്കയും സ്വർണവില കത്തിക്കയറാൻ കാരണമായി. യുദ്ധസാധ്യതകൾ ആഗോള ഓഹരി, കറൻസി, കടപ്പത്ര വിപണികളെ ദുർബലപ്പെടുത്തുമ്പോൾ രാജ്യങ്ങളും നിക്ഷേപകരും കരുതൽ ശേഖരമായി സ്വർണം വാങ്ങിക്കൂട്ടുകയാണ്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഒറ്റയടിക്ക് 150 ഡോളറിലധികം ഉയർന്ന് ഔൺസിന് 4,498 ഡോളർ എന്ന റെക്കോർഡ് നിലയിലെത്തി. 4,500 ഡോളർ എന്ന പരിധി കടന്നാൽ വില ഇനിയും ഉയരുമെന്ന വിലയിരുത്തലും നിലനിൽക്കുന്നു. യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും ഡോളറിനെ ദുർബലപ്പെടുത്തി സ്വർണവിലക്ക് കൂടുതൽ കരുത്താകുന്ന ഘടകമാണ്. അതേസമയം, വെള്ളിവിലയും രാജ്യാന്തര വിപണിയിൽ 3.43 ശതമാനം ഉയർന്ന് ഔൺസിന് 69.45 ഡോളറായി. സ്വർണവിലയിലെ കുതിപ്പ് ആഭരണ വിപണിയെയും പൊതുജനങ്ങളെയും വലിയ ആശങ്കയിലാഴ്ത്തുകയാണ്.


