TMJ
searchnav-menu
post-thumbnail

TMJ Daily

സ്വർണ വില സർവകാല റെക്കോഡില്‍

18 Mar 2023   |   1 min Read
TMJ News Desk

സംസ്ഥാനത്തെ സ്വർണ വിലയിൽ പവന് ഒറ്റദിവസം 1200 രൂപ കൂടിയതോടെ വില സർവകാല റേക്കോർഡിൽ എത്തി. 44240 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് സംസ്ഥാനത്തെ വില. അമേരിക്കയിൽ ബാങ്കിങ്-ധന മേഖലകൾ തകർച്ചയുടെ പടിവാതിലിൽ ആണെന്ന ആശങ്കകളുടെ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ മഞ്ഞ ലോഹത്തിന് പ്രിയം ഏറിയതാണ് സ്വർണ്ണത്തിന്റെ വില ഉയരാൻ കാരണം.

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 3250 രൂപയുടെ വർധനയാണ് സ്വർണ്ണവിലയിൽ സംസ്ഥാനത്തു രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കൻ വിപണിയിൽ സ്വർണ്ണ വില ഉയരുന്നതിന്റെ ചുവടു പിടിച്ചാണ് ഇന്ത്യയിലും കേരളത്തിലും വില ഉയരുന്നത്. അമേരിക്കയിൽ സ്വർണ്ണ വില താമസിയാതെ ട്രോയ് ഔൺസിന് 2000 ഡോളർ മറികടക്കുമെന്നും അത് 2500 ഡോളർ വരെ ഉയരുമെന്നും വിപണികളിൽ ചില നിരീക്ഷകർ പറയുന്നു. 1960 ഡോളർ വരെ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

അമേരിക്കൻ ഫെഡറൽ റിസർവ് മാർച്ച് 21 ന് ചേരുന്ന യോഗത്തിൽ നിരക്ക് വർദ്ധനവിന് തടയിടുന്ന പക്ഷം സ്വർണ്ണ വില താഴേക്ക്‌ പതിക്കാൻ സാധ്യത ഉണ്ടെന്നു കരുതപ്പെടുന്നു. അല്ലെങ്കിൽ വില ഇനിയും ഉയരുന്ന സ്ഥിതിയാവും സൃഷ്ടിക്കപ്പെടുക. വൻകിട നിക്ഷേപകരിൽ നിന്നുള്ള ഡിമാന്ഡിന്റെ പേരിൽ സംഭവിക്കുന്ന വിലക്കയറ്റം പരമ്പരാഗത ഉപഭോക്താക്കളുടെ ഭാഗത്തു നിന്നുള്ള ഡിമാൻഡിനെ കുറയ്ക്കുന്നതാണ്. സ്വർണ്ണത്തിന്റെ ചെറുകിട വ്യാപാര മേഖലയെ (റീടൈൽ) അത് ഏതെല്ലാം തരത്തിൽ ബാധിക്കുമെന്നു വരും ദിവസ്സങ്ങളിലാവും കൂടുതൽ വ്യക്തമാവുക.


#Daily
Leave a comment