സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത്, കറൻസി കടത്ത് കേസുകളിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. സ്വർണ-ഡോളർ കടത്തുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, തുടങ്ങിയവർക്ക് പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികളായ കസ്റ്റംസും ഇഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാണ് ഹർജിക്കാരനായ കോട്ടയം പാല സ്വദേശി അജി കൃഷ്ണന്റെ ആരോപണം. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വാദിച്ചിരുന്നു. കേസിലെ പ്രതി സ്വപ്നയ്ക്ക് ജോലി നൽകിയ വ്യക്തിയാണ് അജികൃഷ്ണനെന്നും ഹർജിക്കാരന്റെ താത്പര്യം സംശയകരമാണെന്നും അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് കോടതിയിൽ അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന ഹർജിയാണ് നിലവിൽ കോടതി തള്ളിയിരിക്കുന്നത്. ഹർജിക്കാരന് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത് എന്നതിനുള്ള തെളിവ് ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല എന്നും ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ലെന്നും അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
ഭരണ രാഷ്ട്രീയ മേഖലകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഭവമാണ് സ്വർണക്കടത്തു കേസ്. 2020 ജൂലൈ 5 ന് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. കേസിൽ കോൺസുലേറ്റിലെ മുൻ പി.ആർ.ഒ. ആയ സരിത്തിനെയും, സ്വപ്‌ന സുരേഷിനേയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് അധികൃതർ ആരോപിക്കുന്നത് മുൻ കോൺസുലേറ്റ് ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിലെ കരാർ ജീവനക്കാരിയുമായ സ്വപ്ന സുരേഷിനെയാണ്.