
സ്വര്‍ണക്കടത്ത്: അറസ്റ്റിലായ കന്നഡ നടിയുടെ വീട്ടിലും കോടികളുടെ സ്വര്‍ണവും പണവും
കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കന്നഡ നടി റാന്യ റാവുവിനെ സ്വര്‍ണക്കള്ളക്കടത്തിന് പിടിയിലായ സംഭവത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) നടിയുടെ വീട്ടില്‍ റെയ്ഡ് നടത്തി. 12.56 കോടി രൂപ വിലവരുന്ന 14.2 കിലോഗ്രാം സ്വര്‍ണമാണ് കഴിഞ്ഞ ദിവസം നടി കടത്താന്‍ ശ്രമിക്കുന്നതിന് ഇടയില്‍ പിടികൂടിയത്.
വീട്ടില്‍ നിന്നും 2.06 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും 2.67 കോടി രൂപ പണവും റെയ്ഡില്‍ കണ്ടെത്തി. അടുത്തിടെ ബംഗളുരു വിമാനത്താവളത്തില്‍ പിടികൂടിയ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്താണ് ഇതെന്ന് ഡിആര്‍ഐ പറഞ്ഞു.
തുടര്‍ച്ചയായ അന്താരാഷ്ട്ര യാത്രകള്‍ നടത്തിയതിനെ തുടര്‍ന്ന് 32 വയസ്സുകാരിയായ റാന്യ ഡിആര്‍ഐയുടെ നിരീക്ഷണത്തില്‍ ആയിരുന്നു. 15 ദിവസത്തിനുള്ളില്‍ നാല് തവണ നടി ദുബായിലേക്ക് പറന്നിരുന്നു. ഇത് കള്ളക്കടത്തിനാണെന്ന സംശയം ഉയര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തില്‍, മാര്‍ച്ച് 3ന് എമിറേറ്റ്‌സ് ഫ്‌ളൈറ്റില്‍ ദുബായില്‍ നിന്നുമെത്തിയ നടിയെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം പിടികൂടിയത്. അവരുടെ ജാക്കറ്റില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നു.
മുതിര്‍ന്ന ഐപിഎസ് ഓഫീസറായ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തുമകളാണ് നടി. തന്റെ പൊലീസ് ബന്ധം കസ്റ്റംസ് പരിശോധന ഒഴിവാക്കാന്‍ ഉപയോഗിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു.
2014ല്‍ മാണിക്യ എന്ന കന്നഡ സിനിമയിലൂടെയാണ് റാന്യയുടെ അരങ്ങേറ്റം.


