TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; നേട്ടങ്ങള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹെയ്മര്‍

08 Jan 2024   |   2 min Read
TMJ News Desk

81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഡ്രാമ വിഭാഗത്തിലെ മികച്ച സിനിമ, മികച്ച സംവിധായകന്‍, ഡ്രാമ വിഭാഗത്തില്‍ മികച്ച നടന്‍, സഹനടന്‍ എന്നീ അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. 

ഓപ്പണ്‍ഹെയ്മറിലെ അഭിനയത്തിലൂടെ കിലിയന്‍ മര്‍ഫിയാണ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയറെയാണ് തിരഞ്ഞെടുത്തത്. ഒറിജിനല്‍ സ്‌കോറിനുള്ള പുരസ്‌കാരം ഓപ്പണ്‍ഹെയ്മറിലൂടെ ലഡ്‌വിഗ് ഗൊരാന്‍സണ്‍ നേടി. കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണിലെ അഭിനയത്തിന് ലില്ലി ഗ്ലാഡ്സ്റ്റണ്‍ ഡ്രാമ വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച വിദേശ ഭാഷ ചിത്രമായി അനാറ്റമി ഓഫ് ഫാള്‍ തിരഞ്ഞെടുക്കപ്പെട്ടു. മ്യൂസിക്കല്‍-കോമഡി വിഭാഗത്തില്‍ പുവര്‍ തിങ്‌സ് മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ദ് ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലെ മേരി ലാംപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡേവാന്‍ ജോയ് റാന്‍ഡോള്‍ഫാണ് മികച്ച സഹനടി. ഈ വര്‍ഷം മുതല്‍ അവാര്‍ഡ് പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ ബോക്‌സ് ഓഫിസ് ആന്‍ഡ് സിനിമാറ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം ബാര്‍ബി സ്വന്തമാക്കി. 

ഫാദര്‍ ഓഫ് ആറ്റംബോംബ്    

1904 ഏപ്രില്‍ 22 ന് ന്യൂയോര്‍ക്കിലെ ജൂതകുടുംബത്തില്‍ ജനിച്ച ഓപ്പണ്‍ഹെയ്മറാണ് പിന്നീട് 'ഫാദര്‍ ഓഫ് ആറ്റംബോംബ്' എന്ന വിശേഷണത്തില്‍ അറിയപ്പെട്ടത്. രണ്ടാം ലോകയുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ കണ്ടുപിടിക്കുക എന്നതിനുള്ള ഉത്തരമായിരുന്നു ഓപ്പണ്‍ഹെയ്മര്‍. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ E=mc2 എന്ന ഇക്വേഷനില്‍ നിന്നും അണുവായുധങ്ങള്‍ നിര്‍മ്മിച്ചെടുക്കാം എന്ന് അന്നത്തെ നാസി ജര്‍മ്മനിക്ക് അറിവുള്ള കാര്യമായിരുന്നു. ജര്‍മ്മനി ഇത്തരത്തിലുള്ള ആയുധങ്ങള്‍ വികസിപ്പിക്കുന്നതിന് മുന്നേ എത്രയും പെട്ടെന്ന് ആ ദൗത്യം പൂര്‍ത്തീകരിക്കണം എന്നത് അമേരിക്കയുടെ ആഗ്രഹമായിരുന്നു. ജനറല്‍ ലെസ്ലി ഗ്രോവ്സിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ശാസ്ത്രജ്ഞരെ അതിനായി അണിനിരത്തി. ഓപ്പണ്‍ഹെയ്മര്‍ അതിന്റെ തലവനായിരുന്നു.

യുദ്ധസമയത്ത് രാഷ്ട്രത്തെ സഹായിക്കുക എന്ന നിലയില്‍ നിര്‍ബന്ധിതമായിട്ടാണ് ഓപ്പണ്‍ഹെയ്മര്‍ ഈ പദ്ധതിയുടെ ഭാഗമാകുന്നത്. അദ്ദേഹവും കൂടെയുണ്ടായിരുന്ന അനേകം ശാസ്ത്രജ്ഞരും അഹോരാത്രം പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി ലോകത്തിലെ ആദ്യത്തെ അണുവായുധങ്ങള്‍ പിറവിയെടുത്തു. ട്രിനിറ്റി എന്ന പേരില്‍ ലോകത്തിലെ ആദ്യ ആണവസ്ഫോടനം നടത്തിയപ്പോള്‍ തന്നെ അത്രയും വിനാശകാരിയായ ആയുധം ഉപയോഗിക്കണമോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ ഈ ശാസ്ത്രജ്ഞര്‍ രണ്ട് തട്ടുകളിലായി. ആറ്റംബോംബിന്റെ പിറവിയോടെ ശാസ്ത്രലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചെങ്കിലും തന്റെ കണ്ടുപിടുത്തം കൊണ്ട് ലോകത്തിനുണ്ടായ ദൂഷ്യഫലങ്ങളെ പറ്റി ഓപ്പണ്‍ഹെയ്മര്‍ ആലോചിച്ച് കൊണ്ടേയിരുന്നു. ആണവായുധ നിയന്ത്രണത്തിനായി നിരന്തരം വാദിക്കുകയും ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്ത ഓപ്പണ്‍ഹെയ്മര്‍ പിന്നീട് അമേരിക്കയിലെ ഭരണവര്‍ഗ്ഗത്തിന്റെ ശത്രുവുമായി മാറി.


#Daily
Leave a comment