PHOTO: PEXELS
പ്രവര്‍ത്തനമേഖല വികസിപ്പിച്ച് ഗൂഗിള്‍ ബാര്‍ഡ് പുതിയ രാജ്യങ്ങളിലേക്ക്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബോട്ടായ ഗൂഗിള്‍ ബാര്‍ഡിനെ യൂറോപ്പിലും ബ്രസീലിലും അവതരിപ്പിച്ച് മാത്യകമ്പനിയായ ആല്‍ഫബെറ്റ്. മാര്‍ച്ചില്‍ അമേരിക്കയിലും യുകെയിലും ലോഞ്ച് ചെയ്തതിനു ശേഷമുള്ള ഉല്‍പ്പന്നത്തിന്റെ ഏറ്റവും വലിയ വിപുലീകരണമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യതയെ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി യൂറോപ്യന്‍ യൂണിയന്‍ ബാര്‍ഡിന്റെ ലോഞ്ച് തടഞ്ഞുവച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം യൂറോപ്പിലെ ആളുകളുടെ സ്വകാര്യതയുമായി സംബന്ധിക്കുന്ന സംശയങ്ങള്‍ക്ക് ടെക് ഭീമന്മാര്‍ ക്യത്യമായ മറുപടി നല്‍കാത്തതായിരുന്നു ഇതിന് പിന്നിലെ കാരണം.
ഉപയോക്താകള്‍ക്ക് അവരെ സംബന്ധിച്ചുള്ള ഡാറ്റ ശേഖരിക്കപ്പെടുന്നതില്‍ നിന്ന് സ്വമേധയാ ഒഴിവാകാന്‍ സാധിക്കുമെന്ന് ബാര്‍ഡ് ഔദ്യോഗിക വ്യത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ പ്രശ്‌നങ്ങളെല്ലാം മറികടന്നുകൊണ്ടാണ് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ബ്രസീലിലേക്കുമുള്ള ബാര്‍ഡിന്റെ മുന്നേറ്റം. ബാര്‍ഡ് 27 യൂറോപ്യന്‍ രാജ്യങ്ങളിലും ബ്രസീലിലും ലഭ്യമാണ്. രാജ്യങ്ങളിലും ടെറിടെറികളിലുമായി ഏകദേശം 230 ലധികം സ്ഥലങ്ങളിലും അറബിക്, ചൈനീസ്, ജര്‍മന്‍, ഹിന്ദി, സ്പാനിഷ് എന്നിവ അടക്കം 40 ലധികം ഭാഷകളിലും ബാര്‍ഡിന്റെ സേവനം ലഭ്യമാണ്. ഇതോടുകൂടി ഓപ്പണ്‍ എഐ യുടെ ബോട്ടായ ചാറ്റ് ജിപിടിക്ക് കൂടുതല്‍ വെല്ലുവിളി സ്യഷ്ടിക്കാനും ബാര്‍ഡിന് സാധിക്കും.
പുത്തന്‍ അപ്‌ഡേറ്റുകള്‍
ലോകമെമ്പാടും ബാധകമുള്ള പുത്തന്‍ ഫീച്ചറുകളുമായാണ് ബാര്‍ഡ് എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബാര്‍ഡിന് ഉത്തരങ്ങള്‍ തിരികെ പറയാനും ചിത്രങ്ങള്‍ ഉള്‍പ്പെട്ട നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാനും കഴിയും. ഉത്തരങ്ങള്‍ ശബ്ദസന്ദേശങ്ങളായി തിരികെ നല്‍കുമ്പോള്‍ കൂടുതല്‍ വ്യക്തതയോടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ചില പദങ്ങളുടെ ക്യത്യമായ ഉചാരണം മനസ്സിലാക്കുന്നതിനും പുതിയ ഫീച്ചര്‍ കൊണ്ട് സാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ ബാര്‍ഡിന്റെ ശൈലിയിലും ഉപയോക്താകള്‍ക്ക് വേണ്ട വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. ലളിതവും നീളം കുറഞ്ഞതും പ്രൊഫഷണലായുമുള്ള രീതികള്‍ ഇതിന്‍ പ്രകാരം തിരഞ്ഞെടുക്കാന്‍ കഴിയും. ചിത്രങ്ങളിലൂടെ നിര്‍ദേശങ്ങള്‍ തരുന്നതുള്‍പ്പെടെ നിരവധി പുതിയ സേവനങ്ങളും ലഭ്യമാണ്.
ഗൂഗിള്‍ ബാര്‍ഡ്
എല്‍എഎംഡിഎ (ലാഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍സ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് 2023 മാര്‍ച്ച് 21നാണ് ഗൂഗിള്‍ ബാര്‍ഡ് സംവിധാനം പുറത്തിറങ്ങുന്നത്. ഇന്റര്‍നെറ്റില്‍ നിന്നും പുതിയതും ഉയര്‍ന്ന നിലവാരമുള്ളതുമായ വിവരങ്ങള്‍ ഉപയോക്താക്കളുടെ ആവശ്യാനുസരണം നല്‍കുകയെന്നതാണ് ബാര്‍ഡിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഒമ്പതു വയസ്സുള്ള കുട്ടിക്ക് ബഹിരാകാശ പേടകങ്ങളെ കുറിച്ചും അനുബന്ധകാര്യങ്ങളെ കുറിച്ചും പറഞ്ഞു കൊടുക്കാന്‍ ബാര്‍ഡിന് നിമിഷങ്ങള്‍ മതി. ഓപ്പണ്‍ എഐയുടെ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയില്‍ നിന്ന് ഒരുപടി മുന്നിലാണ് ഗൂഗിള്‍ ബാര്‍ഡ്. കോഡിംഗ് ചെയ്തിട്ടുള്ള ഡാറ്റകള്‍ ഉപയോഗിച്ചാണ് ചാറ്റ് ജിപിടി ഉപയോക്താക്കള്‍ക്ക് മറുപടി നല്‍ക്കുന്നത്. 2021 വരെയുള്ള വിവരങ്ങളാണ് ചാറ്റ് ജിപിടിയില്‍ കോഡ് ചെയ്തിട്ടുള്ളത്. പക്ഷേ, ഗൂഗിളിന്റെ സഹായത്തോടെ ബാര്‍ഡിന് പുതിയതും കൂടുതല്‍ ക്യത്യവും നിര്‍ദിഷ്ടവുമായ ഉത്തരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയും. ബാര്‍ഡ് നിലവില്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയും. വിവിധ രാജ്യങ്ങളിലും ടെറിടെറികളിലുമായി 238 പ്രദേശങ്ങളിലും 46 ഭാഷകളിലും ബാര്‍ഡിന്റെ സേവനം ലഭ്യമാണ്.