REPRESENTATIONAL IMAGE
തേര്‍ഡ് പാര്‍ട്ടി കുക്കീസ് നിര്‍ത്തലാക്കി ഗൂഗിള്‍ ക്രോം
ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്ന തേര്‍ഡ് പാര്‍ട്ടി കുക്കീസ് നിര്‍ത്തലാക്കി ഗൂഗിള്‍ ക്രോം. പുതിയ ട്രാക്കിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളില്‍ ഒരു ശതമാനത്തിലേക്ക്, അതായത് ഏകദേശം മൂന്ന് കോടി ഉപഭോക്താക്കളിലേക്കാണ് ഈ മാറ്റം നിലവില്‍ എത്തിക്കുക.
പരസ്യ വിതരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് വെബ്‌സൈറ്റുകള്‍
ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇന്റര്‍നെറ്റ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. പരീക്ഷണം എന്ന നിലയ്ക്ക് കൊണ്ടുവരുന്ന മാറ്റം ഈ വര്‍ഷം അവസാനത്തോടെ ആഗോളതലത്തില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി നടപ്പാക്കും. 2019 ല്‍ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള ട്രാക്കിങും പരസ്യ വിതരണവും അവസാനിപ്പിക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നുണ്ട്. തേര്‍ഡ് പാര്‍ട്ടി കുക്കീസ് വിലക്കുന്നതോടെ കൂടുതല്‍ സ്വകാര്യതയില്‍ ഉപഭോക്താക്കള്‍ക്ക് ബ്രൗസ് ചെയ്യാന്‍ സാധിക്കും എന്നാണ് ഗൂഗിള്‍ പറയുന്നത്. എന്നാല്‍ പരസ്യ വിതരണത്തിന് കുക്കീസ് അത്യാവശ്യ ഘടകമാണെന്നാണ് വിവിധ വെബ്‌സൈറ്റുകള്‍ പറയുന്നത്. ചില സൈറ്റുകള്‍ സന്ദര്‍ശിച്ചതിനു ശേഷം ആ സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പിന്നീട് ഓണ്‍ലൈനില്‍ കാണാന്‍ കാരണം തേര്‍ഡ് പാര്‍ട്ടി കുക്കീസ് ആണ്.
കുക്കീസിനു പകരം മറ്റു സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേര്‍ട്‌സ് എന്ന ഫ്‌ളോക്ക് 2021 ല്‍ അവതരിപ്പിച്ചത്. എന്നാല്‍ പിന്നീട് ഫ്‌ളോക്ക് ഒഴിവാക്കുകയായിരുന്നു. ഇതിനുശേഷമാണ് ആഡ് ടോപ്പിക്‌സ് രീതി പരസ്യം ടാര്‍ഗറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കാന്‍ തുടങ്ങിയത്.