TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE

TMJ Daily

മാധ്യമപ്രവര്‍ത്തകരെ സഹായിക്കാന്‍ എഐ ടൂള്‍ വികസിപ്പിച്ച് ഗൂഗിള്‍.

21 Jul 2023   |   2 min Read
TMJ News Desk

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനും, ലേഖനങ്ങള്‍ എഴുതാനും, ഗവേഷണത്തിനും പ്രാപ്തമായ ജെനസിസ് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍  വികസിപ്പിച്ച് ഗൂഗിള്‍. മാധ്യമപ്രവര്‍ത്തകരുടെ ജോലിയെ സഹായിക്കുന്ന രീതിയിലാണ് ടൂള്‍ വികസിപ്പിച്ചിരിക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. തലക്കെട്ടുകള്‍ക്കും വ്യത്യസ്ത എഴുത്തുശൈലികള്‍ക്കും ഓപ്ഷനുകള്‍ ലഭ്യമാകുന്ന എഐ ടൂളുകള്‍ നല്‍കികൊണ്ട് മീഡിയ ഔട്ട്ലെറ്റുകളുമായും, ചെറുകിട പ്രസാധകരുമായും ഗൂഗിള്‍ നേരത്തെ തന്നെ പ്രവര്‍ത്തിച്ച് വരുന്നു. ജി മെയിലിലും ഗൂഗിള്‍ ഡോക്സിലും ആളുകള്‍ക്ക് സഹായകമായ ടൂളുകള്‍ ലഭ്യമാക്കുന്നത് പോലെ തന്നെയാണ് ജെനസിസ് നിര്‍മ്മിച്ചിരിക്കുന്നതെന്നും, ജോലി എളുപ്പമാക്കാന്‍ മാധ്യമപ്രവര്‍ത്തകരെ സഹായിക്കുക എന്നതാണ്  ഈ സാങ്കേതികവിദ്യയുടെ ലക്ഷ്യമെന്നും ഗൂഗിള്‍ വക്താവ്  ജെന്‍ ക്രിഡര്‍ പറഞ്ഞു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ലേഖനങ്ങള്‍ എഴുതുന്നതിലും വസ്തുതകള്‍ പരിശോധിക്കുന്നതിലുമുള്ള  പത്രപ്രവര്‍ത്തകരുടെ പങ്കിനെ ഈ ടൂള്‍  ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി പ്രവര്‍ത്തിക്കുന്ന ചാറ്റ് ജി പി ടിയെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലാണ് ജെനസിസിന്റെ കടന്നുവരവ്. ചാറ്റ് ജി പി ടി മനുഷ്യന്റെ സര്‍ഗശേഷിയെ അനുകരിച്ച്കൊണ്ട്  ഉപഭോക്താക്കളെ അമ്പരിപ്പിക്കുമെങ്കിലും, അത് പകര്‍പ്പവകാശലംഘനം, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, മനുഷ്യന്റെ തൊഴിലിനെ മാറ്റി സ്ഥാപിക്കല്‍ എന്നിങ്ങനെയുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം എഐ പ്ലാറ്റ്ഫോമുകളുടെ അപകടസാധ്യതകളെയും  നേട്ടങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ വികസനം ആക്കം കൂട്ടാന്‍ സാധ്യതയുണ്ട്.

ജെനസിസ് vs ജേര്‍ണലിസം

ചാറ്റ് ജി പി ടി ആരംഭിച്ചതിന് ശേഷം എഐ ചാറ്റ്ബോട്ടുകള്‍ ജേണലിസ്റ്റുകള്‍ക്ക് വെല്ലുവിളിയാകുമെന്ന ഊഹാപോഹങ്ങള്‍ വ്യാപകമായി ഉയര്‍ന്നു വന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഈ പ്രശ്നത്തിനെതിരെ ശക്തമായി നിലക്കൊള്ളുകയും ചെയ്തു.  എഐ ചാറ്റ്ബോട്ടുകളുടെ പ്രധാന പ്രശ്നങ്ങളിലൊന്ന് അവ പലപ്പോഴും വസ്തുതകളെ നിര്‍മ്മിച്ചെടുക്കുന്നു എന്നതാണ്. അത്കൊണ്ട് തന്നെ വാര്‍ത്തകള്‍ എഴുതുന്നതിനുള്ള എഐ പ്ലാറ്റ്്ഫോമുകളുടെ വികാസം ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ അവതരിപ്പിക്കുന്ന ജെനസിസ് പുതിയ ആശങ്കകള്‍ക്ക് വഴിവയ്ക്കുമോ, എന്നതാണ് ഏറ്റവും ഒടുവില്‍ ഉയര്‍ന്നു വരുന്ന ചോദ്യം. ജെനസിസ് എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ഈ ടൂളിന് നിലവില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനും സാധിക്കും. ന്യൂയോര്‍ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താ സ്ഥാപനങ്ങള്‍ക്ക് ഗൂഗിള്‍ ഇതിനോടകം തന്നെ ഈ ടൂള്‍ നല്‍കിയിട്ടുണ്ട്. ജെനസിസ് വികസിപ്പിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും വാര്‍ത്താ പ്രസാധകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആദ്യഘട്ട ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമര്‍ശനങ്ങളും ആശങ്കകളും

എഐ സിസ്റ്റങ്ങളെ പരിശീലിപ്പിക്കാനായി   ലേഖനങ്ങളും പോസ്റ്റുകളും ഉപയോഗിച്ചതിന്  ഗൂഗിളിനും പ്രമുഖ എഐ  കമ്പനികള്‍ക്കുമെതിരെ പ്രസാധകരും എഴുത്തുകാരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല ഗൂഗിളിന്റെ പൊതുവില്‍ ലഭ്യതയുള്ള ചാറ്റ്ബോട്ട്, ബാര്‍ഡ്  വിശ്വസനീയമല്ലാത്ത ഉറവിടങ്ങളില്‍ നിന്നുള്ള തെറ്റായ വിവരങ്ങള്‍ നല്‍കുന്നതായും ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. ഗൂഗിള്‍ അവതരിപ്പിക്കുന്ന ഈ ടൂള്‍ കൂടുതല്‍ ശ്രദ്ധപിടിച്ച് പറ്റാനുള്ള സാധ്യത നിലനില്‍ക്കുമ്പോഴും അതിന്റെ ഔട്ട്പുട്ട് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തില്ലെങ്കില്‍ ടൂള്‍  ഉപയോഗിക്കുന്ന വാര്‍ത്താ ഓര്‍ഗനൈസേഷന്റെ വിശ്വാസ്യത തകരുന്നതിന് കാരണമായേക്കും.
കഴിഞ്ഞ ആഴ്ചയാണ് ഓപ്പണ്‍ എഐ യുമായുള്ള പങ്കാളിത്തം അസോസിയേറ്റ് പ്രസ്സ് പ്രഖ്യാപിക്കുന്നത്. എഐയെ പരിശീലിപ്പിക്കുന്നതിന് ഒര്‍ഗനൈസേഷന്റെ ആര്‍ക്കൈവുകള്‍ ഉപയോഗിക്കാന്‍ ചാറ്റ് ജി പി ടിയെ അനുവദിക്കുമെന്നാണ് പ്രഖ്യാപനം.  ചില മാധ്യമ സ്ഥാപനങ്ങള്‍ എഐ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും  കൃത്യത, പകര്‍പ്പവകാശം എന്നിങ്ങനെയുള്ള ആശങ്കകള്‍ കാരണം ന്യൂസ്റൂമുകള്‍ സാങ്കേതിക വിദ്യയെ സ്വീകരിക്കുന്നത് കുറവായിരുന്നു.


#Daily
Leave a comment