ഇന്ത്യന്‍ വസ്ത്രവൈവിധ്യവുമായി ഗൂഗിള്‍ ഡൂഡില്‍; താരമായി കേരളത്തിന്റെ കസവും
രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഗൂഗിള്‍ ഡൂഡില്‍ തിളങ്ങി കേരളവും. രാജ്യത്തെ വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡൂഡില്‍ ആണ് കേരളം ഉള്‍പ്പെടെയുള്ള 21 ഇടങ്ങളിലെ വ്യത്യസ്തങ്ങളായ തുണിത്തരങ്ങളുടെ മാതൃകകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ കാഞ്ചീവരവും ബംഗാളിലെ കാന്തയും ഉത്തര്‍പ്രദേശിലെ ബനാറസി നെയ്ത്തുവസ്ത്രവുമൊക്കെ ചേര്‍ത്തുവച്ചാണ് ഡൂഡില്‍ ഇന്ത്യയുടെ വസ്ത്ര വൈവിധ്യത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് നമ്രത കുമാറാണ് ഇത്തരത്തിലൊരു കലാസൃഷ്ടി ആവിഷ്‌കരിച്ചിരിക്കുന്നത്.
വസത്രപാരമ്പര്യത്തിന്റെ പെരുമയുമായി
കേരളത്തിനു പുറമെ ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഗോവ, ഒഡീഷ, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബിഹാര്‍, അസം, കര്‍ണാടക എന്നിവിടങ്ങളിലെ വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളുടെ മാതൃകകളെയാണ് ഡൂഡിലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തുണി നെയ്യുന്ന രീതിയും ഇന്ത്യയില്‍ നിലവിലുള്ള പ്രിന്റിംഗ് ടെക്‌നോളജികളും കൈകൊണ്ട് ചിത്രപ്പണികള്‍ ചെയ്യുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗവേഷണം നടത്തിയാണ് താന്‍ ഇത്തരമൊരു ഡിസൈന് രൂപം നല്‍കിയതെന്ന് നമ്രത കുമാര്‍ പറഞ്ഞു.
വസ്ത്ര ഡിസൈനറായിരുന്ന അമ്മയില്‍ നിന്നുള്ള പ്രചോദനമാണ് ഡൂഡില്‍ ആശയം പങ്കുവയ്ക്കാന്‍ കാരണമെന്ന് നമ്രത കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യവുമായ വസ്ത്ര പാരമ്പര്യം ആഘോഷിക്കാനുള്ള അവസരം കൂടിയാണ് സ്വാതന്ത്ര്യദിനം. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വസ്ത്രങ്ങളും അതിന്റെ വ്യത്യാസങ്ങളും കണ്ടും അറിഞ്ഞുമാണ് താന്‍ വളര്‍ന്നത്. അതുകൊണ്ടു തന്നെ വസ്ത്രങ്ങളിലെ കരകൗശല ജോലികളെക്കുറിച്ച് ആഴത്തിലുള്ള അറിവ് തനിക്ക് സ്വായത്തമാക്കാനായി. സ്വാതന്ത്ര്യദിനത്തില്‍ ഡൂഡില്‍ തയ്യാറാക്കാന്‍ ആ അറിവുകളാണ് പ്രചോദനമായതെന്നും നമ്രത പറഞ്ഞു.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിലെ കലാകാരിയായ നീതിയുടെ ചിത്രങ്ങളാണ് ഡൂഡില്‍ വര്‍ണംവിതറിയത്. ഇന്ത്യയുടെ വ്യത്യസ്ത സംസ്‌കാരങ്ങള്‍ ചേര്‍ന്ന് പട്ടങ്ങള്‍ നിര്‍മിക്കുന്നതും 75 എന്നെഴുതിയ പട്ടം പറത്തുന്നതുമായിരുന്നു ഡൂഡില്‍ ഉള്‍പ്പെടുത്തിയത്. 75 വര്‍ഷംകൊണ്ട് രാജ്യം വലിയ ഉയരങ്ങളിലെത്തിയെന്നതിന്റെ പ്രതീകമായാണ് പട്ടങ്ങള്‍ ഡൂഡില്‍ ഉള്‍പ്പെടുത്തിയത്.