
ഗൂഗിള്‍ ഡൈവേഴ്‌സിറ്റി പ്രോഗ്രാം അവസാനിപ്പിക്കുന്നു
പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പേരെ ജോലിക്കെടുക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും ഗൂഗിള്‍ പിന്‍മാറുന്നു. വൈവിദ്ധ്യം, നീതി, എല്ലാവരേയും ഉള്‍ക്കൊള്ളല്‍ എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്ന പദ്ധതികള്‍ ഗൂഗിള്‍ പുനപരിശോധിക്കും.
ഗൂഗിള്‍ ഈ ലക്ഷ്യം ആരംഭിച്ചത് 2020ലാണ്. ഇത് ഭാവിയില്‍ തുടരില്ലെന്ന് ഗൂഗിള്‍ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറയുന്നു.
2020ല്‍ ജോര്‍ജ് ഫ്‌ളോയ്ഡിനേയും അമേരിക്കക്കാരായ കറുത്ത വര്‍ഗക്കാരേയും പൊലീസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടാ പ്രതിഷേധങ്ങളുടെ വെളിച്ചത്തിലാണ് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന നയങ്ങള്‍ വിവിധ അമേരിക്കന്‍ കമ്പനികള്‍ നടപ്പിലാക്കി തുടങ്ങിയത്. ഇതില്‍ മുമ്പന്തിയിലായിരുന്നു ഗൂഗിള്‍.
2025 ഓടെ നേതൃനിരയിലെ 30 ശതമാനത്തില്‍ അധികം ജീവനക്കാരും പിന്നാക്കം നില്‍ക്കുന്ന ഗ്രൂപ്പുകളില്‍പ്പെട്ടവര്‍ ആകുമെന്ന് 2020ല്‍ സിഇഒ സുന്ദര്‍പിച്ചൈ പറഞ്ഞിരുന്നു. ആ കാലഘട്ടത്തില്‍ ഗൂഗിളിന്റെ യുഎസിലെ നേതൃത്വത്തില്‍ 96 ശതമാനവും വെള്ളക്കാര്‍ അല്ലെങ്കില്‍ ഏഷ്യക്കാര്‍ ആയിരുന്നു. കൂടാതെ ആഗോള തലത്തില്‍ 73 ശതമാനവും പുരുഷന്‍മാര്‍ ആയിരുന്നു. കമ്പനിയുടെ അഞ്ചുവര്‍ഷത്തെ ലക്ഷ്യങ്ങളില്‍ 60 ശതമാനവും കൈവരിച്ചുവെന്ന് ഗൂഗിളിന്റെ ചീഫ് ഡൈവേഴ്‌സിറ്റി ഓഫീസര്‍ മെലോനി പാര്‍ക്കര്‍ പറഞ്ഞിരുന്നു.
പിച്ചൈയുടെ ലക്ഷ്യങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ ഇനിമുതല്‍ പുതുക്കുകയില്ലെന്ന് ആല്‍ഫബെറ്റ് വക്താവ് അറിയിച്ചു.