
കാട്ടുതീ കണ്ടെത്താന്‍ ഗൂഗിളിന്റെ കൃത്രിമോപഗ്രഹം; ഫയര്‍സാറ്റ് വിക്ഷേപിച്ചു
കാട്ടുതീ കണ്ടെത്തുന്നതിനായി ഗൂഗിള്‍ ഫയര്‍സാറ്റ് എന്ന പേരില്‍ കൃത്രിമോപഗ്രഹം വിക്ഷേപിച്ചു. ഗൂഗിള്‍ 50ല്‍ അധികം കൃത്രിമോപഗ്രഹങ്ങളുടെ കൂട്ടമാണ് ബഹിരാകാശത്ത് ഒരുക്കുന്നത്. ഇതിലെ ആദ്യത്തേത് ഇന്നലെ വിജയകരമായി വിക്ഷേപിച്ചുവെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചെ പറഞ്ഞു. സ്‌പേസ് എക്‌സിന്റെ റോക്കറ്റിലാണ് ഫയര്‍സാറ്റിനെ വിക്ഷേപിച്ചത്.
എഐയുടെ സഹായത്തോടെ അഞ്ച് മീറ്റര്‍ വലിപ്പമുള്ള കാട്ടുതീകള്‍ വരെ കണ്ടെത്താന്‍ ശേഷിയുള്ള ഉപഗ്രഹമാണ് വിക്ഷേപിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൂഗിള്‍ റിസര്‍ച്ച്, കൃത്രിമോപഗ്രഹ നിര്‍മ്മാതാക്കളായ മുവോണ്‍ സ്‌പേസ്, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എര്‍ത്ത് ഫയര്‍ അലയന്‍സ്, ശാസ്ത്രീയ പിന്തുണ നല്‍കുന്ന സ്ഥാപനമായ മൂര്‍ ഫൗണ്ടേഷന്‍, യുഎസിലെ കാട്ടുതീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അധികൃതര്‍ തുടങ്ങിവയരാണ് പദ്ധതിയില്‍ സഹകരിക്കുന്നത്.
ഒരു ചെറിയ ക്ലാസ് മുറിയിലെ വലിപ്പമുള്ള കാട്ടുതീ വരെ എഐയുടെ സഹായത്തോടെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും കഴിയുന്ന തരത്തിലുള്ള ഉപഗ്രഹങ്ങളുടെ കൂട്ടത്തെ സൃഷ്ടിക്കാനാണ് ഫയര്‍സാറ്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യത്തെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് വേണ്ടിയുള്ള പണത്തിലൊരു ഭാഗം ഗൂഗിള്‍.ഓര്‍ഗില്‍ നിന്നും ലഭിക്കും. ഗൂഗിള്‍.ഓര്‍ഗ് എഐ സഹകരണത്തിലൂടെ 13 മില്ല്യണ്‍ ഡോളര്‍ നല്‍കുന്നുണ്ട്. വിനാശകാരിയായ കാട്ടുതീകള്‍ ഉണ്ടാക്കുന്ന സാമ്പത്തിക, മാനുഷിക, പാരിസ്ഥിതിക നഷ്ടങ്ങള്‍ കുറയ്ക്കാന്‍ എഐയുടെ ശേഷി വിനിയോഗിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യത്തെ ഉപഗ്രഹം വാന്‍ഡെന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്നും സ്‌പേസ്എക്‌സിന്റെ ട്രാന്‍സ്‌പോര്‍ട്ടര്‍-13 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു.
നിലവില്‍ കാട്ടുതീ അണയ്ക്കുന്നതിനായി അധികൃതര്‍ക്ക് റെസല്യൂഷന്‍ കുറഞ്ഞ ഉപഗ്രഹ ചിത്രങ്ങളാണ് ലഭിക്കുന്നത്. കൂടാതെ, ദിവസവും ഏതാനും തവണ മാത്രമേ ചിത്രങ്ങള്‍ ലഭിക്കുകയുള്ളൂ. ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും ഫയര്‍സാറ്റ് പരിഹാരം കാണുന്നു. ഫയര്‍സാറ്റ് ഓരോ 20 മിനിട്ടിലും ആഗോള തലത്തില്‍ ഉയര്‍ന്ന റെസല്യൂഷനിലുള്ള ചിത്രം നല്‍കും. ഇത് കാട്ടുതീ വിനാശകാരിയാകും മുമ്പ് തുടക്കത്തില്‍ തന്നെ അണയ്ക്കാന്‍ സഹായിക്കും.