ആരിഫ് മുഹമ്മദ് ഖാന്‍ | PHOTO: WIKI COMMONS
സര്‍വ്വകലാശാലകളുടെ ഭരണം സ്തംഭനാവസ്ഥയില്‍; ഗവര്‍ണര്‍ക്കെതിരെ കേരളം
സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുന്നു എന്നും സര്‍വ്വകലാശാലകളിലെ ഭരണം സ്തംഭനാവസ്ഥയിലാണെന്നും കേരളം. നിയമസഭ പാസാക്കിയ ബില്ലുകളുടെ പ്രസക്തി മുഖ്യമന്ത്രി നേരില്‍കണ്ട് വിശദീകരിക്കണം എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ തീരുമാനം വൈകുന്നതിനാല്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസ്ഥാന ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തു.
ഒരാഴ്ചക്കിടെ ഗവര്‍ണര്‍ക്കെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. നേരത്തെ, സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്നും ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ഗവര്‍ണര്‍ ചെയ്യുന്നത് അനീതി
ഗവര്‍ണറുടെ നടപടി ജനങ്ങളോടും നിയമസഭാ അംഗങ്ങളോടുമുള്ള കടുത്ത അനീതിയാണെന്നും ഗവര്‍ണര്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലുകളില്‍ അന്തര്‍ സര്‍വ്വകലാശാല കൂടിയാലോചന സമിതി രൂപീകരിക്കന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുപോലെ 2018 യുജിസി ചട്ടപ്രകാരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള സമിതിയെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് പുനഃസംഘടിപ്പിക്കാനും ഗവര്‍ണര്‍ക്ക് പകരം വിദഗ്ധരെ സര്‍വ്വകലാശാല ചാന്‍സലര്‍മാരായി നിയമിക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ബില്ലിനുമേല്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതോടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍ ആണെന്ന് സര്‍ക്കാര്‍ പറയുന്നു.
വിമര്‍ശിച്ച് കോടതി
പ്രാഥമിക ക്ഷീര സഹകരണ സൊസൈറ്റികളിലെ വോട്ടിങ് അവകാശത്തില്‍ വരുത്തേണ്ട പരിഷ്‌കരണങ്ങളെ തടസ്സപ്പെടുത്തുന്നു, പൊതുജനാരോഗ്യ ബില്ലില്‍ തീരുമാനം വൈകിപ്പിക്കുന്നതു കാരണം സമയബന്ധിതമായി മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നത് തുടരാന്‍ സാധിക്കുന്നില്ല, കേരള ലോകായുക്ത ആക്ടില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ബില്ലും ഗവര്‍ണര്‍ വൈകിപ്പിക്കുകയാണ് എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിയമസഭകള്‍ കൈക്കൊള്ളുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ തീരുമാനം എടുക്കാന്‍ വൈകുന്നതില്‍ സുപ്രീം കോടതി നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാരുകള്‍ കോടതിയെ സമീപിച്ചാല്‍ മാത്രം തീരുമാനം കൈക്കൊള്ളുന്ന രീതി ഗവര്‍ണര്‍മാര്‍ അവസാനിപ്പിക്കണം എന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.