
ദേശീയ സുരക്ഷക്ക് സര്‍ക്കാര്‍ സ്‌പൈവെയര്‍ ഉപയോഗിക്കാം: പെഗാസസ് കേസില്‍ സുപ്രീം കോടതി
ദേശീയ സുരക്ഷയുടെ ഭാഗമായി ഒരു രാജ്യം സ്പൈവെയര്‍ കൈവശം വെക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ അത് ആര്‍ക്കെതിരെ പ്രയോഗിക്കുന്നു എന്നതാണ് പ്രധാനമെന്ന് സുപ്രീംകോടതി പറഞ്ഞു. പെഗാസസ് സ്‌പൈവെയര്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി പരാമര്‍ശം.
ഇസ്രായേലി സ്പൈവെയര്‍ പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ നിരീക്ഷിച്ചതായി ആരോപിക്കപ്പെടുന്നതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് 2021 ല്‍ സമര്‍പ്പിച്ച ഒരു കൂട്ടം റിട്ട് ഹര്‍ജികളാണ് പരിഗണിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
സര്‍ക്കാരിന്റെ പക്കല്‍ സ്‌പൈവെയര്‍ ഉണ്ടോ, അതുവാങ്ങി ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്നതാണ് അടിസ്ഥാന ചോദ്യമെന്ന് ഹര്‍ജിക്കാരില്‍ ചിലര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദിനേശ് ദ്വിവേദി വാദിച്ചു. സ്‌പൈവെയര്‍ കൈവശമുണ്ടെങ്കില്‍, അത് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് തടയാന്‍ യാതൊന്നും സര്‍ക്കാരിനു മുന്നിലില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
രാജ്യം ഭീകരര്‍ക്കെതിരെ സ്‌പൈവെയര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്നായിരുന്നു ഇതിനു മറുപടിയായി കോടതി ചോദിച്ചത്. സ്‌പൈവെയര്‍ കൈവശം വയ്ക്കുക എന്നത് തെറ്റല്ലെന്നും ആര്‍ക്കെതിരെയാണ് അവ ഉപയോഗിക്കുന്നത് എന്നതിലാണ് കാര്യമെന്നും കോടതി പറഞ്ഞു.