
ഓണം ഉത്സവ ബത്ത കൂട്ടി സർക്കാർ
സംസ്ഥാനത്തെ തൊഴിലാളികൾക്ക് ഓണം ഉത്സവ ബത്ത വർധിപ്പിച്ച് സർക്കാർ. സംസ്ഥാനത്തെ പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിൻ്റെ ഓണം ആശ്വാസമായി 2,250 രൂപ എക്‌സ്ഗ്രേഷ്യേയും 250 രൂപയ്ക്ക് അരിയും ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 250 രൂപ വർധിപ്പിച്ചാണ് എക്‌സ്ഗ്രേഷ്യേ നൽകുന്നത്. 425 ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുക. ഇതിനായി 3.46 കോടി രൂപ അനുവദിച്ചു.
കൂടാതെ സംസ്ഥാന ഭാഗ്യക്കുറി വിതരണക്കാർക്കും ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങൾക്കും പെൻഷൻകാർക്കും ഖാദി തൊഴിലാളികൾക്കുമുള്ള ഓണം ഉത്സവ ബത്തയും നിലവിൽ ഉള്ളതിൽ നിന്ന് 250 രൂപ വർധിപ്പിച്ചു. 37,000 സജീവ അംഗങ്ങൾക്കും 8700 പെൻഷൻകാർക്കും 12,500 ഖാദിതൊഴിലാളികൾക്കും ആനുകൂല്യം ലഭിക്കും.
കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, കാട്ടുവള്ളി, തഴ, ബീഡി ആൻഡ് സിഗാർ മേഖലകളിലെ 3,79,284 പരമ്പരാഗത തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്‌കീം (മിനിമം കൂലി ഉറപ്പാക്കൽ) ആനുകൂല്യം വഴി 50 കോടി രൂപയുടെ അധിക സഹായം വിതരണം ചെയ്യുമെന്നും ധനകാര്യമന്ത്രി അറിയിച്ചു.


