TMJ
searchnav-menu
post-thumbnail

ആരിഫ് മുഹമ്മദ് ഖാന്‍ | PHOTO: PTI

TMJ Daily

സമ്മര്‍ദത്തിന് വഴങ്ങില്ല; വിസി നിയമനനടപടികള്‍ തുടങ്ങിയതായി ഗവര്‍ണര്‍

06 Dec 2023   |   2 min Read
TMJ News Desk

ര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരിക്കല്‍ മാത്രമാണ് താന്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയതെന്നും അത് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനത്തിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ടായിരുന്നതുകൊണ്ടാണ് അത് സംഭവിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. 

നിയമനത്തിനായി ഒമ്പതു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രതിനിധിയെത്തിയത്. എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. സുപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെ സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. 

മുഖ്യമന്ത്രി രാജ്ഭവനിലേക്ക് വരട്ടെ

സര്‍ക്കാരില്‍ നിന്ന് എന്ത് ഉപദേശവും സ്വീകരിക്കാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നില്ല എന്ന വാര്‍ത്ത ശരിയല്ല. അടിയന്തര പ്രാധാന്യമുള്ള ഓര്‍ഡിനന്‍സ് ആണെങ്കില്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി വിശദീകരിക്കട്ടെ. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

തന്നോടു പറയാനുള്ള കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയല്ലാതെ നേരിട്ട് പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. 'എനിക്ക് ആരോടും മുന്‍വിധിയില്ല, പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണം. അതിന് രാജ്ഭവനിലേക്ക് വരൂ. എന്നോട് മാധ്യമങ്ങള്‍ മുഖേന സംസാരിക്കേണ്ടതില്ല. മുഖ്യമന്ത്രിയുടെ അനുയായികളോടും പാര്‍ട്ടി അംഗങ്ങളോടും ഭരണഘടനയെ നിന്ദിക്കരുതെന്ന് പറയണം. പാക് അധീന കശ്മീരിനെ സ്വതന്ത്ര കശ്മീര്‍ എന്നു വിളിക്കുന്നത് നിര്‍ത്താന്‍ പറയണം. വിഘടനവാദത്തിനും പ്രാദേശികവാദത്തിനും അഗ്നിപകരുന്നത് നിര്‍ത്താന്‍ പറയണം. ഇവയൊക്കെയാണ് ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍. ഇന്ത്യയുടെ ഐക്യത്തിന് വിഘാതമാകുന്ന കാര്യങ്ങളാണിവ' എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

ഉന്നതവിദ്യാഭ്യാസ മേഖല തകരും 

എന്തുകാര്യവും വിളിച്ചുപറയാവുന്ന സ്ഥാനമാണ് ഗവര്‍ണര്‍ പദവിയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ കരുതരുതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് പറഞ്ഞിരുന്നു. കേരളത്തില്‍ ഭരണം നടത്തുന്നത് മന്ത്രിമാരല്ല പ്രൈവറ്റ് സെക്രട്ടറിമാരാണെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇതേവരെ കേന്ദ്രമന്ത്രിമാരോ കേന്ദ്രസര്‍ക്കാരോ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. അതിനര്‍ഹിക്കുന്ന രീതിയില്‍ മറുപടി പറയുന്നില്ലെന്നും പ്രൈവറ്റ് സെക്രട്ടറിമാരാണ് ഭരണം നടത്തുന്നതെന്നു പറയാന്‍ എന്തനുഭവമാണ് ഈ മനുഷ്യനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. 

കേരളത്തിനെതിരായ ഒരു മനുഷ്യന്‍ കേരളത്തിന്റെ ഗവര്‍ണറായിരുന്നാല്‍ എങ്ങനെയിരിക്കും? അവസരവാദപരമായി ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കുകയാണ്. കേരള, കാലിക്കറ്റ് സര്‍വകലാശാല സെനറ്റുകളിലേക്ക് ആര്‍എസ്എസിന് വേണ്ടപ്പെട്ടവരെ നിയമിക്കാനല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമസഭ, ചാന്‍സലര്‍ പദവി നല്‍കിയത്. സര്‍വകലാശാലകള്‍ നല്‍കിയ അര്‍ഹരായവരുടെ പട്ടികയ്ക്കു പകരം പുതിയ പട്ടിക ഗവര്‍ണര്‍ കൊണ്ടുവന്നത് ആരുടെ നിര്‍ദേശപ്രകാരമാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ അറിവും സമ്മതവും ഇതിനു പിന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


#Daily
Leave a comment