
പ്രതിപക്ഷത്തേക്കാൾ ‘ചീപ്പ് പൊളിറ്റിക്സാണ്’ ഗവർണർ നടത്തുന്നത്: സ്റ്റാലിൻ
തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗവർണർ നടത്തുന്നത് പ്രതിപക്ഷത്തേക്കാൾ ‘ചീപ്പ് പൊളിറ്റിക്സാണ്’ എന്ന് പറഞ്ഞ സ്റ്റാലിൻ ദ്രാവിഡ ഭാഷയെയും, ദ്രാവിഡ മോഡലിനെയും ഗവർണർ പരിഹസിക്കുകയാണെന്നും പറഞ്ഞു. ധർമ്മപുരിയിൽ വച്ച് പ്രൈമറി അഗ്രിക്കൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ ‘ഇൻസ്റ്റന്റ് ക്രോപ് ലോൺ സ്കീം’ എന്ന പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് സ്റ്റാലിൻ ഗവർണറെ രൂക്ഷമായി വിമർശിച്ചത്.
ഗവർണർ തമിഴ്നാടിൽ തന്നെ തുടരണമെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യവും തമിഴരുടെ ജീവിത രീതിക്കെതിരെയുള്ള ആക്രമണവും, തമിഴരുടെ സംസ്കാരത്തിനോടും ഭാഷയോടുമുള്ള സ്നേഹത്തെ ദൃഢമാക്കുമെന്ന് എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു. ഡിഎംകെ സർക്കാരിന്റെ വിവിധ നേട്ടങ്ങളും സ്റ്റാലിൻ പരിപാടിയിൽ വിശദീകരിച്ചു. ഒപ്പം വികസനങ്ങൾ തുടരാൻ, സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ ‘ദ്രാവിഡിയൻ മോഡൽ 2.0’ 2026 തിരഞ്ഞെടുപ്പിൽ തിരിച്ച് വരുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.


