ഗവര്‍ണറുടെ പ്രോസിക്യൂട്ട് അനുമതി ; സിദ്ധരാമയ്യ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും
ഭൂമികുംഭകോണ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹലോട്ടിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹര്‍ജി ഫയല്‍ ചെയ്യുന്നത്.
മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. ലേ ഔട്ട് വികസനത്തിന് ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് പകരം ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വ്വതി അനധികൃതമായി 14 പ്ലോട്ടുകള്‍ കൈക്കലാക്കി എന്നതാണ് കേസിനാധാരമായ സംഭവം. ഭാര്യ പാര്‍വതി, മകന്‍ ഡോ. യതീന്ദ്ര, ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് പരാതി.
പ്രതികരിച്ച് സിദ്ധരാമയ്യ
ആരോപണം തനിക്കും സര്‍ക്കാരിനുമെതിരെ നടന്ന ഗൂഢാലോചനയാണെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരും കര്‍ണാടക ബിജെപി നേതാക്കളും ജെഡിഎസും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. കേസ് നിയമപരമായി നേരിടുമെന്നും പ്രതികരിച്ചിട്ടുണ്ട്. കേസ് നിയമപരമായി നേരിടുന്നതോടൊപ്പം രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ വിളിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഗവര്‍ണര്‍ക്കെതിരെ രാവിലെ 11 മണിക്ക് കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധ സമരം നടത്തുമെന്നാണ് വിവരം. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് കര്‍ണാടക ബിജെപിയും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.