ആരിഫ് മുഹമ്മദ് ഖാൻ | PHOTO: PTI
ഒരുകോടി കടന്ന് ഗവര്‍ണറുടെ യാത്രച്ചിലവ്; സര്‍ക്കാരിനോട് 34 ലക്ഷം കുടിശ്ശിക ചോദിച്ച് രാജ്ഭവന്‍
നടപ്പു സാമ്പത്തികവര്‍ഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രാച്ചിലവ് 1.18 കോടി രൂപ. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഇതില്‍ 34 ലക്ഷം രൂപയാണ് കുടിശ്ശിക വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടരവര്‍ഷം മൂന്നിലൊന്നു ദിവസവും ഗവര്‍ണര്‍ കേരളത്തിനു പുറത്തായിരുന്നുവെന്ന് പൊതുഭരണവകുപ്പിന്റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക് വഴിയാണ് ഗവര്‍ണറുടെ യാത്രയ്ക്കായുള്ള വിമാനടിക്കറ്റെടുക്കുന്നത്. ഏജന്‍സിക്കു പണം കൊടുക്കേണ്ടതിനാല്‍ തുക ചോദിച്ച് രാജ്ഭവന്‍ നിരന്തരം കത്തയച്ച് തുടങ്ങിയതോടെ ആറരലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രശ്നത്തില്‍ ഇടപെട്ടാണ് ആറരലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്്. സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാല്‍ മുഴുവന്‍ തുകയും ഇപ്പോള്‍ നല്‍കാനാവില്ലെന്നാണ് ധനവകുപ്പ് പറയുന്നത്.
വിഹിതവും കടന്ന് രാജ്ഭവന്റെ ചിലവുകള്‍
രാജ്ഭവന്റെ ചിലവുകള്‍ ബജറ്റ് വിഹിതവും കടന്നെന്നാണ് ധനകാര്യവകുപ്പ് പറയുന്നത്. രാജ്ഭവന്റെ ചിലവുകള്‍ക്കായി 12.52 കോടി രൂപയാണ് നടപ്പുവര്‍ഷത്തെ ബജറ്റ് വിഹിതം. ഇതിനു പുറമേ 2.19 കോടിരൂപ അധികമായും അനുവദിച്ചിട്ടുണ്ട്. അതിഥിസത്കാരത്തിന് 20 ലക്ഷവും യാത്രയ്ക്ക് മാത്രമായി 84 ലക്ഷം രൂപയും അധികം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ രാജ്ഭവന്റെ വാദം യാത്രാച്ചിലവിനുള്ള സര്‍ക്കാര്‍ വിഹിതം അപര്യാപ്തമാണെന്നാണ്.