
ഗോവിന്ദ് പൻസാരെ
ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകം: ബോംബൈ ഹൈക്കോടതി ആറ് പേര്‍ക്ക് ജാമ്യം നല്‍കി
യുക്തിവാദിയും എഴുത്തുകാരനുമായ ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ ആറ് പേര്‍ക്ക് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2015ലാണ് പന്‍സാരെ കൊല്ലപ്പെടുന്നത്. ദീര്‍ഘകാലമായി വിചാരണയില്ലാതെ തടവില്‍ കഴിയുന്നത് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് എ എസ് കിലറുടെ ഏകാംഗ ബഞ്ച് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
സചിന്‍ അന്‍ഡൂര്‍, ഗണേശ് മിസ്‌കിന്‍, അമിത് ദേഗ്വേകര്‍, അമിത് ബഡ്ഡി, ഭാരത് ഖുരാനെ, വാസുദേവ് സൂര്യവംശി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 2018ലും 2019ലും അറസ്റ്റിലായ ഇവര്‍ അതുമുതല്‍ ജയിലില്‍ ആണ്.
2015 ഫെബ്രുവരി 16നാണ് മഹാരാഷ്ട്രയിലെ കോലാപൂര്‍ നഗരത്തില്‍ വച്ച് 82 വയസ്സുകാരനായ പന്‍സാരെയ്ക്ക് വെടിയേല്‍ക്കുന്നത്. ഫെബ്രുവരി 20ന് മരിച്ചു.
പന്‍സാരെയും ഭാര്യ ഉമയും പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ രണ്ട് ബൈക്കുകളിലായി എത്തിയ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. തുടക്കത്തില്‍ കോലാപൂര്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചുവെങ്കിലും അന്വേഷണത്തില്‍ മുന്നേറ്റം ഉണ്ടാകാത്തത് ചൂണ്ടിക്കാണിച്ച് കേസ് ഭീകര വിരുദ്ധ സ്‌ക്വാഡിന് കൈമാറണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് 2022 ഓഗസ്റ്റ് മൂന്ന് ഹൈക്കോടതി സ്‌ക്വാഡിന് അന്വേഷണം കൈമാറി.