കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ സംഭവം പ്രത്യേക അന്വേഷണ സംഘം സമഗ്രമായി അന്വേഷിക്കും. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട സി എൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവർക്കാണ് പ്രത്യേക അന്വേഷണത്തിന്റെ ചുമതല.

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നിലവിലുള്ള പോലീസ് അന്വേഷണത്തിനും, വകുപ്പ് തല പരിശോധനകൾക്കും പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം.

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡീഷണൽ ഡിജിപി പി വിജയൻ എന്നിവർ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു.

കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായ സംഭവം അത്യന്തം ഗൗരവമുള്ളതും, വിശദമായ പരിശോധന അർഹിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് യോഗം തീരുമാനമെടുത്തു. സൂക്ഷ്മതലത്തിൽ കൂടുതൽ കാര്യക്ഷമമായി ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന സിസിടിവി നാല് പ്രധാന ജയിലുകളിൽ സ്ഥാപിക്കും. ഇതിനുള്ള നടപടിയും അടിയന്തരമായി ആരംഭിക്കും.