ഗോവിന്ദച്ചാമി ഇനി വിയ്യൂരിൽ
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കഴിഞ്ഞ ദിവസം തടവ് ചാടി രക്ഷപ്പെടാൻ ശ്രമിച്ച കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് ഇന്ന് കൊണ്ട് വരും. വിയ്യൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ ബ്ലോക്കിലാവും ഇനി മുതൽ പ്രതി കഴിയുക. അതിസുരക്ഷാ ബ്ലോക്കിലെ സെല്ലുകളിൽ ഉള്ള തടവുകാർക്ക് പരസ്പരം കാണാനാവില്ല. ഭക്ഷണം ഉൾപ്പടെ സെല്ലിൽ തന്നെ നൽകുന്നതിനാൽ മിക്കവാറും ഏകാന്ത തടവ് എന്ന അവസ്ഥയിലാവും ജയിൽ വാസം. കനത്ത സുരക്ഷയിലാണ് ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്നും വിയ്യൂരിൽ എത്തിക്കുക.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെ തുടർന്ന് സംസ്ഥാനത്തെ ജയിൽ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം നടത്തും. ഓണ്‍ലൈൻ വഴിയുള്ള യോഗത്തിൽ ജയിൽ മേധാവിയും, ജയിൽ ഡിഐജിമാരും, സൂപ്രണ്ടുമാരും പങ്കെടുക്കും. അവർക്ക് പുറമെ ക്രമസമാധാന ചുമതലയുള്ള ഡിജി പി, ആഭ്യന്തര സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും. ജയിൽ സുരക്ഷ, ജീവനക്കാരുടെ കുറവ്, തടവുകാരും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് നൽകിയിട്ടുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ചർച്ച ചെയ്യും.


