സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുകയോ ഷംസീറിന്റെ പരാമര്‍ശം ഹിന്ദു വിശ്വാസികളെ വേദനിപ്പിച്ചോ ഇല്ലയോ എന്ന് സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പറയുകയോ ചെയ്യുന്നില്ല, പരസ്യമായ ഹിന്ദു ആക്ഷേപവും ഒരു മതത്തെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള വിദ്വേഷ പ്രചരണവുമാണ് എംവി ഗോവിന്ദന്റെ നിലപാടില്‍ നിന്നും വ്യക്തമാകുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
നാമജപയാത്രക്കെതിരായ കേസ്; എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് നടത്തിയ നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച് എന്‍എസ്എസ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടി വരെ നടത്തിയ യാത്രക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. യാത്രയ്ക്ക് നേതൃത്വം നല്‍കിയ എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനും കണ്ടാലറിയുന്ന ആയിരത്തോളം പേര്‍ക്കുമെതിരെയാണ് കേസ്. പൊലീസ് മുന്നറിയിപ്പിനെ അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗത തടസമുണ്ടാക്കിയതിനുമാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ പൊലീസിനെ അറിയിച്ചാണ് പ്രതിഷേധം നടത്തിയതെന്നായിരുന്നു സംഗീത് കുമാര്‍ പറഞ്ഞത്. ഇങ്ങനെയെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കെതിരെയും കേസെടുക്കേണ്ടിവരുമെന്ന്് പൊലീസ് നടപടിയില്‍ പ്രതികരിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സ്പീക്കര്‍ പരാമര്‍ശം തിരുത്തണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മിത്ത് പരാമര്‍ശത്തിനപ്പുറം വിശ്വാസികളുടെ പ്രശ്നത്തില്‍ ഇടത് സര്‍ക്കാര്‍ നിഷേധ നിലപാട് സ്വീകരിക്കുന്നുവെന്നും എന്‍എസ്എസ് വിമര്‍ശിച്ചു. ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കണ്ട് പിന്തുണ അറിയിച്ചു. നാമജപയാത്രക്കെതിരെ കേസെടുത്ത നടപടിയില്‍ ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.സ്പീക്കറുടെ പരാമര്‍ശം വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ എന്‍എസ്എസ് തീരുമാനിച്ചതായാണ് വിവരം.
ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി; പാഠ്യപദ്ധതിയുടെ മറവില്‍ കാവിവത്കരണം എന്ന് ഷംസീര്‍
ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതും പ്രകോപനപരവുമായ പ്രസ്താവന നടത്തി എന്നാരോപിച്ച് എഎന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി. ഷംസീറിനെ ഭരണഘടനാ പദവിയില്‍ നിന്നും പുറത്താക്കണമെന്നും, ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തികളില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത് സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ കോശി ജേക്കബാണ് വ്യാഴാഴ്ച പരാതി നല്‍കിയത്.
ശാസ്ത്രം പഠിപ്പിക്കേണ്ടത് അനിവാര്യം
ശാസ്ത്രം പ്രചരിപ്പിക്കുന്നതിന്റെ അര്‍ത്ഥം വിശ്വാസത്തെ തള്ളിപ്പറയുകയല്ല എന്ന് എഎന്‍ ഷംസീര്‍. ആധുനിക ഇന്ത്യയില്‍ ശാസ്ത്രം പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണ്. ശാസ്ത്രം പ്രചരിപ്പിക്കുന്നത് മതവിശ്വാസത്തെ തള്ളിക്കളയലല്ല. മതനിരപേക്ഷവാദിയാവുകയാണ് വേണ്ടത്, എല്ലാ ജാതിമതസ്ഥര്‍ക്കും ഒരുമിച്ചിരിക്കാനും അഭിപ്രായം പറയാനും കഴിയണം. ഭിന്നിപ്പുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് നടത്തേണ്ടത്. പാഠ്യപദ്ധതി പരിഷ്‌കരണം എന്ന പേരില്‍ ഇന്ത്യയില്‍ നടക്കുന്നത് കാവിവത്കരണമാണെന്നും മലപ്പുറത്ത് വ്യാഴാഴ്ച നടന്ന ചടങ്ങിനിടെ ഷംസീര്‍ വ്യക്തമാക്കി.
ശാസ്ത്രവും മിത്തും സംബന്ധിച്ച പ്രസ്താവന; വിശ്വാസികളെ മുറിപ്പെടുത്തുന്നതല്ല
സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പ്രസംഗത്തിലെ ശാസ്ത്രത്തെയും മിത്തിനെയും പരാമര്‍ശിക്കുന്ന ഭാഗം ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിയിച്ചത്. വിഷയത്തില്‍ ബുധനാഴ്ച തന്നെ സ്പീക്കര്‍ വിശദീകരണം നല്‍കിയിരുന്നു. കൂടാതെ സിപിഐഎം ജനറല്‍ സെക്രട്ടറി എംവി ഗോവിന്ദന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ എന്നിവരും നിലപാട് വ്യക്തമാക്കുകയും അത് വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു.
വിശ്വാസികളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല
എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ഒരു വിശ്വാസിയേയും വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഇതിന് മുമ്പ് പലരും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്, അതേ താനും പറഞ്ഞിട്ടുള്ളു. എന്റെ മതേതര നിലപാടുകള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഇന്ത്യക്കകത്ത്് നടക്കുന്ന വിദ്വേഷ പ്രചരണം കേരളത്തിലും നടത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ അതിനെ കേരള സമൂഹം തള്ളും. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ആ ക്യാമ്പയിനില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും വിശ്വാസികളും പിന്‍മാറണം എന്ന് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഷംസീര്‍ വ്യക്തമാക്കി.
ഷംസീര്‍ മാപ്പു പറയില്ല
സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പു പറയുകയോ തിരുത്തുകയോ ചെയ്യില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ' ഷംസീര്‍ പറഞ്ഞത് ശരിയായ കാര്യമാണ്. അതില്‍ തിരുത്തോ മാപ്പോ ആവശ്യമില്ല. ഷംസീറിന്റെ പ്രസംഗം വ്യാഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രതവേണം, ഹിന്ദുത്വവല്‍ക്കരണത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിവാദം. ബിജെപിയും കോണ്‍ഗ്രസും വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ബിജെപിയുടെ വര്‍ഗീയ നിലപാടും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനവുമാണ് ഇവിടെ വ്യക്തമാകുന്നത്. 2014 ഒക്ടോബര്‍ 25 ന് മുംബൈയില്‍ റിലയന്‍സ് ആശുപത്രി ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗണപതിയുടെ രൂപം സര്‍ജറിയിലൂടെ രൂപപ്പെടുത്തിയതാണെന്ന് ആദ്യം പറഞ്ഞത്. പുഷ്പക വിമാനമാണ് ആദ്യ വിമാനം എന്നും പ്രചരിപ്പിച്ചു. സിപിഐഎം ഏതെങ്കിലും മതത്തിനോ വിശ്വാസത്തിനോ എതിരല്ല, ഒരുമതത്തിലും വിശ്വസിക്കാത്തവര്‍ക്കും അതനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ വിശ്വാസത്തിന്റെ പേരും പറഞ്ഞ് ശാസ്ത്രത്തിന്റെ മേല്‍ കുതിര കയറാന്‍ ആര്‍ക്കും അവകാശമില്ല. ശാസ്ത്രത്തിന് വേണ്ടി വാദിക്കുന്നത് വിശ്വാസത്തിനും വിശ്വാസികള്‍ക്കും എതിരാണ് എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല, കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാം എന്ന് ആരും കരുതണ്ട' എന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
എന്നാല്‍ ഷംസീറിന്റെ പ്രസ്താവന സംബന്ധിച്ച് എംവി ഗോവിന്ദന്‍ നടത്തിയ പ്രതികരണം പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികള്‍ കാണുന്നുള്ളു എന്ന് ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. വിഷയത്തില്‍ ഷംസീറിന്റെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
എഎന്‍ ഷംസീര്‍ വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന് ജി സുകുമാരന്‍ നായര്‍
സ്പീക്കര്‍ എഎന്‍ ഷംസീര്‍ വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ബുധനാഴ്ച പറഞ്ഞു. ഗണപതി മിത്താണെന്ന സ്പീക്കറുടെ പരാമര്‍ശത്തെ എതിര്‍ത്ത്, വിശ്വാസ സംരക്ഷണ ദിനം ആചരിച്ചു കൊണ്ടാണ് സുകുമാരന്‍ നായര്‍ പ്രതികരണം നടത്തിയത്. 'തനിക്ക് അബദ്ധം പറ്റി എന്ന് സമ്മതിച്ചുകൊണ്ട് ഷംസീര്‍ ഹൈന്ദവ ജനതയോട് മാപ്പുപറയണം, അതാണ് ലക്ഷ്യം. വിശ്വാസത്തില്‍ കവിഞ്ഞുള്ള ഒരു ശാസ്ത്രവും നിലനില്‍ക്കുന്നില്ല. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനെ നയിക്കുന്നത് വിശ്വാസമാണ്. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഷംസീറിന്റെ പരാമര്‍ശം എങ്കില്‍ വേറെ എന്തെല്ലാം കാര്യങ്ങള്‍ എടുത്തു പറയാം. ഗണപതിയുടെ കാര്യം മാത്രം എടുത്തു പറഞ്ഞാല്‍ മതിയോ, മറ്റു മതങ്ങളുടെ വിഷയത്തില്‍ ഇതുപോലെ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ട്. ഞങ്ങള്‍ ആരെങ്കിലും അതിനെ പറ്റി പ്രതിപാദിച്ചോ, ശാസ്ത്രം ഗണപതിയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതി ശരിയല്ല, ശാസ്ത്രമല്ല വലുത് വിശ്വാസമാണ് വലുത് എന്ന കാര്യത്തില്‍ സംശയമില്ല. ഇവിടെ വിശ്വാസത്തിന് പോറലേല്‍പ്പിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ബിജെപിയോട് എതിര്‍പ്പില്ല. നായര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളുകള്‍ ബിജെപിയിലോ, കോണ്‍ഗ്രസിലോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ പ്രവര്‍ത്തിക്കുന്നതിന് യാതൊരെതിര്‍പ്പും ഇല്ല, എന്നാല്‍ ഞങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ കൈകടത്താന്‍ അനുവദിക്കില്ല, അതിനെ നേരിടാനുള്ള കരുത്ത് നായര്‍ സര്‍വ്വീസ് സൊസൈറ്റിക്കുണ്ട്. ഞങ്ങള്‍ രാഷ്ട്രീയക്കാരുടെ പിന്തുണ ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ബിജെപിയുടെ ഭാഗത്തു നിന്ന് വിഷയത്തില്‍ നല്ല രീതിയിലുള്ള പ്രതികരണം ഉണ്ടായിട്ടുണ്ട്. മനുഷ്യന്റെ നാഡീസ്പന്ദനം അവന്റെ വിശ്വാസമാണ് അതിനെ തൊട്ടുകളിച്ചാല്‍ പ്രതികരണം ഉണ്ടാവും. ഞങ്ങള്‍ ഇത്രയൊക്കയേ ചെയ്യുന്നുള്ളു. ലോറി കത്തിക്കുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്യുന്നില്ല. ശാന്തമായി പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. നേതൃത്വവും അതുതന്നെയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കളി ഹിന്ദുവിനോട് വേണ്ട, നേരിടാനുള്ള ശക്തി ഹിന്ദുവിനുണ്ട്. ഇത്രയും കാലമായി ഞങ്ങള്‍ ഷംസീറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങള്‍ മുസ്ലീം സഹോദരങ്ങളേയും സ്‌നേഹിക്കുന്നുണ്ട്. അവരില്‍ നല്ല ആളുകളാണ് ഏറെയും. എന്നാല്‍ അവരിലും ചില പുഴുക്കുത്തുകളുമുണ്ട്. അത് പറയാതിരിക്കാന്‍ പറ്റില്ല. ഏതു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും ശക്തിയുള്ള സംഘടനയാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി, എല്ലാവരും ഗതികിട്ടാതാകുമ്പോള്‍ സംഘടനയില്‍ വന്നു ചേരും അതില്‍ ഒരു സംശയവുമില്ല' എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ നല്‍കിയ പ്രതിരകരണം
പ്രസ്താവന തിരുത്തണം: വിഡി സതീശന്‍
സ്പീക്കര്‍ എഎന്‍ ഷംസീര്‍ പ്രസ്താവന തിരുത്തണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട്. ഷംസീറിന്റെ പരാമര്‍ശം വര്‍ഗീയ വാദികള്‍ക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരം ഒരുക്കലാണ്. കൈവെട്ടും കാലുവെട്ടും എന്നിങ്ങനെ പ്രതികരണം നടത്തിയവര്‍ വിഷയത്തെ ആളിക്കത്തിച്ചു, വിവിധ മതവിഭാഗങ്ങളുടെ ആചാരക്രമങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരോ കോടതിയോ ഇടപെടാന്‍ പാടില്ല എന്നതാണ് തന്റെ നിലപാട്. വിഷയം സിപിഐഎം ശ്രദ്ധയോടെ കൈകാര്യം ചെയ്യും എന്നാണ് കരുതിയിരുന്നത് എന്നാല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനയാണ് സിപിഐഎം നടത്തിയത് എന്ന് വിഡി സതീശന്‍ പറഞ്ഞു.
ഷംസീര്‍ നടത്തിയ പ്രസംഗത്തിലെ വിവാദപരാമര്‍ശം
എറണാകുളം കുന്നത്തുനട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.
'ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങള്‍. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തതായി പഠിപ്പിക്കുന്നു. പുഷ്പക വിമാനമെന്ന പരാമര്‍ശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.' എന്നായിരുന്നു ഷംസീര്‍ പറഞ്ഞത്.