
PHOTO: WIKI COMMONS
ടെലിവിഷന്‍ സീരിയലുകളുടെ ചിത്രീകരണസ്ഥലത്ത് സര്‍ക്കാര്‍ നിരീക്ഷണം; ലൊക്കേഷനുകളില്‍ പരാതിപരിഹാര സമിതി
ടെലിവിഷന്‍ സീരിയലുകളുടെ ചിത്രീകരണസ്ഥലത്ത് സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് വനിതാ കമ്മീഷന്‍. ഈ മേഖലയെ സര്‍ക്കാര്‍ നിരീക്ഷിക്കണമെന്നും സീരിയലുകളുടെ ഓരോ ലൊക്കേഷനുകളിലും ആഭ്യന്തര പരാതിപരിഹാര സമിതി (ഐ.സി.സി.) വേണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. സീരിയലുകളുടെ ചിത്രീകരണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സമിതി പ്രവര്‍ത്തിക്കണം. നിര്‍മാതാക്കളുടെയും ചാനലുകളുടെയുമൊക്കെ സംയുക്ത ഉത്തരവാദിത്തമാണ് സ്ത്രീസുരക്ഷയെന്നും കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നു.
ചിത്രീകരണസ്ഥലങ്ങളിലെ സുരക്ഷാവീഴ്ച സംബന്ധിച്ച് വനിതകള്‍തന്നെ കമ്മീഷന് പരാതി നല്‍കിയിരുന്നു. കമ്മീഷന്‍ ചില ചിത്രീകരണസ്ഥലത്ത് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ വീഴ്ചകളും കണ്ടെത്തിയിരുന്നു. ടെലിവിഷന്‍ രംഗത്തേതടക്കം വിവിധ മേഖലകളിലെ സ്ത്രീകളുടെ ദുരിതം പരിഹരിക്കാനുള്ള ശുപാര്‍ശ നല്‍കാന്‍ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തിലായിരുന്നു പഠനം.
സീരിയല്‍മേഖലയ്ക്കുള്ള പ്രധാന ശുപാര്‍ശകള്‍
നിയമവിദഗ്ധന്‍, നിര്‍മാതാക്കള്‍, തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി, തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാനും സ്ത്രീസുരക്ഷയ്ക്കും സമിതി പ്രവര്‍ത്തിക്കണം.
സ്ത്രീകള്‍ക്ക് പ്രത്യേകം ശൗചാലയം ഉള്‍പ്പെടെ മികച്ച അടിസ്ഥാനസൗകര്യം ഒരുക്കണം. ടെലിവിഷന്‍ രംഗത്തുള്ളവര്‍ക്കും തൊഴില്‍നിയമം ബാധകമാക്കുകയും പുരുഷ അഭിനേതാക്കള്‍ക്കൊപ്പം തുല്യവേതനം, തുല്യനീതി ഉറപ്പാക്കണം. സീരിയലുകളിലെ അഭിനേതാക്കളായ സ്ത്രീകളുടെ ആത്മഹത്യയും അതിനുള്ള പ്രവണതയും കൂടുന്നു. തൊഴിലിടത്തെയോ വീട്ടിലെയോ സമ്മര്‍ദങ്ങളാകാം കാരണം. ഇതിന് കൗണ്‍സിലിങ് ആവശ്യമാണെന്നും ലൊക്കേഷനുകളിലേക്കും താമസസ്ഥലത്തേക്കുമുള്ള യാത്ര സുരക്ഷിതമാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. വനിതാകമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാരിന് കൈമാറി.