സ്കൂൾ മാനേജ്‍മെന്റ് സർക്കാർ ഏറ്റെടുത്തു
എട്ടാം ക്ലാസ് വിദ്യാർത്ഥി എം മിഥുൻ സ്കൂളിൽ വച്ച് വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞ കൊല്ലത്തെ തേവലക്കര ബോയ്‌സ് ഹൈസ്കൂൾ മാനേജ്മെന്റിന് പിരിച്ചുവിട്ട് സ്കൂൾ ഭരണം സർക്കാർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ അസാധാരണ നടപടി.
നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയ സര്‍ക്കാര്‍ മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി. "മിഥുൻ കേരളത്തിന്റെ മകനാണ്. ഭാവിയിൽ ഇത്തരം വീഴ്ച്ചകൾ ഉണ്ടവാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും.", വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് മെയ് മാസത്തിൽ സർക്കാർ പുറപ്പെടുവിച്ച സർക്കുലറിലെ നിർദേശങ്ങൾ നടപ്പിലാക്കിയതിനെ പറ്റി വിലയിരുത്താൻ ഉദ്യോഗസ്ഥ സംഘം സ്കൂളുകൾ സന്ദർശിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിനെതിരെയാണ് സർക്കാർ നടപടിയെടുത്തത്. മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികക്ക് എതിരെ മാത്രം നടപടി എടുത്തത് വിവാദമായിരുന്നു. മാനേജമെന്റിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്ന സാഹചര്യത്തിലാണ് മുഖം നോക്കാതെയുള്ള ഇപ്പോഴത്തെ നടപടി.
ജൂലൈ 17ന് രാവിലെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മിഥുൻ, സ്കൂളിൽ വച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുമ്പോൾ, വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മറ്റ് കുട്ടികൾക്ക് മുന്നിൽ വച്ചാണ് മിഥുൻ മരിച്ചത്. സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുകയും, സ്കൂൾ മാനേജ്മെന്റിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.


