TMJ
searchnav-menu
post-thumbnail

കിരിയാക്കോസ് മിത്സോട്ടാക്കിസ്, അലക്സിസ് സിപ്രസ്

TMJ Daily

ഗ്രീസും സ്‌പെയിനും തിരഞ്ഞെടുപ്പിലേക്ക്

09 Jun 2023   |   2 min Read
TMJ News Desk

തുർക്കിയിലെ റജബ് തയ്യിബ് എർദോഗനും കെമാൽ കിലിക്ദരോഗ്ലുവും തമ്മിലുള്ള നിർണ്ണായകമായ തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലിനുശേഷം യൂറോപ്പിലെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നതാണ് ഗ്രീസിലും സ്‌പെയിനിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ. റഷ്യ-യുക്രൈൻ യുദ്ധം ഉണ്ടാക്കിയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്ക് ഇടയിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

കേവല ഭൂരിപക്ഷത്തിനായി വീണ്ടും വോട്ടുതേടി ഗ്രീസ്

ഇക്കഴിഞ്ഞ മെയ് 21 ന് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ്സിന്റെ യാഥാസ്ഥിതിക കക്ഷിയായ കൺസർവേറ്റീവ് ന്യൂ ഡെമോക്രസി പാർട്ടിക്ക് കേവല ഭൂരിപക്ഷം നേടാനാവാത്തതിനെ തുടർന്നാണ് ഗ്രീസ് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് ജൂൺ 25 ന് നടക്കും.

മിത്സോട്ടാക്കിസിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് ന്യൂ ഡെമോക്രസി പാർട്ടിക്ക് നിലവിൽ പാർലമെന്റിൽ 158 സീറ്റുകളാണുള്ളത്. 2019 ലെ തിരഞ്ഞെടുപ്പിൽ ന്യൂ ഡെമോക്രസിക്ക് 39.9 ശതമാനം വോട്ടാണ് ലഭിച്ചത്. മുൻ പ്രധാനമന്ത്രി അലക്സിസ് സിപ്രാസിന്റെ ലിബറൽ-ഇടതു കക്ഷിയായ സിറിസ പാർട്ടിയെ പരാജയപ്പെടുത്തിയാണ് ന്യൂ ഡെമോക്രസി പാർട്ടി 2019 ൽ അധികാരത്തിലെത്തിയത്. എന്നാൽ മെയ് മാസത്തിൽ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 20.1 ശതമാനം വോട്ടുകൾ നേടാൻ കഴിഞ്ഞു.

മെയിലെ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നില്ല. വയർ ടാപ്പിംഗ് അഴിമതിയും ഫെബ്രുവരിയിൽ 57 പേരുടെ ജീവനെടുത്ത തീവണ്ടി അപകടവും ന്യൂ ഡെമോക്രസി പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ 2022 ൽ 5.9 ശതമാനം വളർച്ചയോടെ കോവിഡിനു ശേഷമുള്ള സാമ്പത്തികമായ തിരിച്ചുവരവും അതുവഴി തൊഴിലില്ലായ്മയും പണപ്പെരുപ്പവും കുറയ്ക്കാൻ സാധിച്ചതും മിത്സോട്ടാക്കിസിനെ തുണച്ചതായി കരുതപ്പെടുന്നു. 

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതായിരിക്കും ഗ്രീസിൽ വരാനിരിക്കുന്ന സർക്കാരിന്റെ പ്രധാന വെല്ലുവിളി. മിത്സോട്ടാക്കിസിന്റെ പാർട്ടി വിജയിച്ചാൽ, കുടിയേറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട് കടുത്ത തീരുമാനങ്ങൾ എടുത്തേക്കാമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രീസിനെ നിക്ഷേപ സൗഹൃദ രാജ്യമാക്കുക എന്നതായിരിക്കും മിത്സോട്ടാക്കിസിന്റെയും പാർട്ടിയുടെയും പ്രധാന ലക്ഷ്യം. തന്റെ മുൻഗാമിയായിരുന്ന സിപ്രാസിൽ നിന്നും വ്യത്യസ്തമായി, മിത്സോട്ടാക്കിസിന് യൂറോപ്യൻ യൂണിയനുമായി സൗഹൃദബന്ധം ഊട്ടിയുറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. തുർക്കി പോലുള്ള അയൽരാജ്യങ്ങളുമായി സമാധാനം നിലനിർത്താനും അദ്ദേഹത്തിനു കഴിഞ്ഞു.

പോരാട്ടം നിർണായകമാക്കി സ്പെയിൻ

പ്രാദേശിക, മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ യാഥാസ്ഥിതിക, തീവ്ര വലതുപക്ഷ പോപ്പുലർ പാർട്ടി വൻ ഭൂരിപക്ഷം നേടിയതോടെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഈ വർഷം അവസാനത്തോടെ സ്പെയിനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാൽ പ്രാദേശിക തിരഞ്ഞെടുപ്പിൽ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തെരെഞ്ഞെടുപ്പ് ജൂലൈ 23 ലേക്ക് മാറ്റുകയായിരുന്നു.

സ്പെയിനിൽ നാലുവർഷം കൂടുമ്പോഴാണ് തിരഞ്ഞെടുപ്പ് നടക്കുക. 15 ദിവസമാണ് പ്രചാരണം. ഔദ്യോഗിക പ്രഖ്യാപനം വന്ന് 54-ാം ദിവസം തിരഞ്ഞെടുപ്പ് നടക്കും. സാഞ്ചസിന്റെ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയും, പോപ്പുലർ പാർട്ടിയുമാണ് സ്പെയിനിലെ പ്രധാന കക്ഷികൾ. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തി രാജ്യത്തെ ആദ്യ സഖ്യ സർക്കാർ രൂപീകരിച്ചു. 2018 ൽ അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ടിട്ടും പോപ്പുലർ പാർട്ടിക്ക് 20.8 ശതമാനം വോട്ടുകൾ നേടാൻ കഴിഞ്ഞു. തീവ്ര വലതുപക്ഷ പാർട്ടിയായ വോക്സ് 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ 3.6 ദശലക്ഷം വോട്ടുകൾ നേടി കോൺഗ്രസിലെ മൂന്നാമത്തെ വലിയ കക്ഷിയായി.

2019 ലെ പൊതുതിരഞ്ഞെടുപ്പിന് സമാനമായി ഈ വർഷത്തെ പൊതുതിരഞ്ഞെടുപ്പിലും സ്‌പെയിനിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാനാകില്ലെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ. സ്‌പെയിനിലെ ബഹുഭൂരിപക്ഷം ആളുകളും വോക്‌സ് പാർട്ടി അധികാരത്തിൽ വരുന്നതിന് എതിരാണ്. വിവാദങ്ങൾ ഉണ്ടായിരുന്നെങ്കിലും യൂറോപ്പിലെ ഊർജപ്രതിസന്ധിയിലും നാണയപ്പെരുപ്പത്തിലും രാജ്യത്തിന്റെ സാമ്പത്തികനിലയെ പിടിച്ചുനിർത്താൻ സാഞ്ചസിന് കഴിഞ്ഞു. യൂറോപ്യൻ യൂണിയനെ സംബന്ധിച്ച് സ്‌പെയിൻ തിരഞ്ഞെടുപ്പ് പ്രധാനമാണ്. കാരണം, യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അധ്യക്ഷത വഹിക്കേണ്ട ഊഴം സ്‌പെയിനിനാണ്.


#Daily
Leave a comment