
സല്‍മാന്‍ ഖാന് വധഭീഷണി അയച്ച ഗുജറാത്തുകാരന്‍ മാനസികരോഗിയെന്ന് പൊലീസ്
ബോളിവുഡ് താരം സല്‍മാന്‍ ഖാന് വധഭീഷണി അയച്ച വ്യക്തിയെ പൊലീസ് കണ്ടെത്തി. ഗുജറാത്തിലെ വഡോദര ജില്ലയിലെ ഒരു ഗ്രാമത്തിലെ 26 വയസ്സുകാരനാണ് വധഭീഷണി അയച്ചതെന്ന് കണ്ടെത്തി. ഇയാള്‍ മാനസ്സികനില തെറ്റിയ ആളാണെന്നും ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബൈ പൊലീസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കി. ഞായറാഴ്ച്ചയാണ് മുംബൈ പൊലീസിന്റെ വാട്‌സ്ആപ്പ് ഹെല്‍പ് ലൈനില്‍ സല്‍മാന്‍ ഖാന്റെ കാര്‍ ബോംബ് വച്ച് തകര്‍ക്കും ഖാനെ ആക്രമിക്കുമെന്നുള്ള ഭീഷണി സന്ദേശം ലഭിച്ചത്.
പൊലീസ് തുടര്‍ന്ന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 351 (2) (3) (ക്രിമിനല്‍ ഭീഷണി) ചുമത്തി അജ്ഞാതനായ വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഖാന്റെ ബാന്ദ്രയിലെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വഡോദരയിലെ വഗോഡിയ താലൂക്കുകാരനാണ് ഭീഷണി അയച്ചതെന്ന് കണ്ടെത്തിയതെന്ന് ജില്ലാ എസ്പി രോഹന്‍ ആനന്ദ് പറഞ്ഞു.
ഇന്നലെ മുംബൈ പൊലീസും വഗോഡിയ പൊലീസും ഇയാളുടെ വീട്ടിലെത്തി. എന്നാല്‍, ഇയാള്‍ മാനസ്സിക നില തെറ്റിയ വ്യക്തിയാണെന്നും ചികിത്സ നടക്കുകയാണെന്നും കണ്ടെത്തിയെന്ന് രോഹന്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയശേഷം മുംബൈ പൊലീസ് തിരികെ പോയെന്നും എസ് പി പറഞ്ഞു.