
ഇറാന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രായേലിനെ തടയണമെന്ന് യുഎസ്സിനോട് ഗള്‍ഫ് രാജ്യങ്ങള്‍
ഇറാന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രായേലിനെ തടയണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ യുഎസ്സില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു, സംഘര്‍ഷം രൂക്ഷമായാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ ശേഖരവും അപകടത്തിലാകുമെന്നതാണ് സമ്മര്‍ദ്ദത്തിന് കാരണം.
ഇക്കാരണത്താല്‍ തന്നെ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍ എന്നിവരുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനെതിരായ ആക്രമണത്തിന് ഇസ്രായേലിനെ തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി, ഇക്കാര്യം യുഎസ്സിനെ അറിയിക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ഇസ്രായേല്‍ ലക്ഷ്യമിട്ടേക്കുമെന്ന ആശങ്കകള്‍ ഉയരുന്നതിനിടെ, യുഎസ്സില്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളെ ഇറാന്‍ നയതന്ത്ര നീക്കം നടത്തിയിരുന്നു. അതിന് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഈ നിലപാട് സ്വീകരിച്ചത്.
'ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഇസ്രായേലിന് തുറന്നുകൊടുത്താല്‍, അത് യുദ്ധത്തിന്റെ ഭാഗമാകുന്നതായി കണക്കാക്കുമെന്ന്' ഇറാന്‍ പ്രസ്താവിച്ചിട്ടുണ്ടെന്ന് സൗദി അനലിസ്റ്റ് അലി ഷിഹാബി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഇറാന്‍ മന്ത്രിയുടെ സന്ദര്‍ശനവും പ്രതിരോധ മന്ത്രാലയ തലത്തിലുള്ള സൗദി-അമേരിക്കന്‍ ആശയവിനിമയങ്ങളും പ്രതിസന്ധി പരിഹരിക്കാനുള്ള ഏകോപിത ശ്രമത്തിന്റെ ഭാഗമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങളുമായി അടുപ്പമുള്ള ഗള്‍ഫ് വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.