ഗുവാഹത്തി ടെസ്റ്റ്: പരിക്ക് മൂലം ശുഭ്മാൻ ഗിൽ പുറത്ത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ പുറത്തായി. പരമ്പരയിലെ അവസാനത്തേതും നിർണ്ണായകവുമായ മത്സരത്തിലെ ഗില്ലിന്റെ അഭാവം ആതിഥേയർക്ക് വലിയ തിരിച്ചടിയായി. കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ കളിക്കാതിരുന്ന ഗിൽ, ടീമിനൊപ്പം അസമിലേക്ക് പോയിരുന്നെങ്കിലും ശനിയാഴ്ച കളത്തിലിറങ്ങില്ല.
ഗില്ലിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ ഋഷഭ് പന്ത് ടീമിനെ നയിക്കും. ഗില്ലിന് പകരക്കാരനായി ഇടംകൈയ്യൻ ടോപ് ഓർഡർ ബാറ്റ്‌സ്മാൻ സായ് സുദർശൻ പ്ലെയിംഗ് ഇലവനിൽ ഇടം നേടിയേക്കുമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇംഗ്ലണ്ടിൽ അരങ്ങേറ്റം കുറിച്ച 24കാരനായ സായ് സുദർശൻ അഞ്ച് ടെസ്റ്റുകളിൽ നിന്ന് 30.33 ശരാശരിയിൽ 273 റൺസ് നേടിയിട്ടുണ്ട്. ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ 87 റൺസ് നേടിയിരുന്നു.


