TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഗ്യാന്‍വാപി കേസ്: ഒത്തുതീര്‍പ്പ് ശ്രമവുമായി ഹിന്ദു സംഘടന

18 Aug 2023   |   3 min Read
TMJ News Desk

ത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി തര്‍ക്കം കോടതിക്ക് പുറത്തു തീര്‍ക്കാനുള്ള ശ്രമവുമായി ഹിന്ദു സംഘടന. ഇതുമായി ബന്ധപ്പെട്ട് വിശ്വ വേദിക് സനാതന്‍ സംഘ് എന്ന സംഘടന പള്ളിക്കമ്മിറ്റിക്ക് കത്തയച്ചു. പരാതിക്കാരില്‍ ഒരാളായ രാഖി സിങാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി ശ്രമം നടത്തിയത്.

ഗ്യാന്‍വാപിയില്‍ ചര്‍ച്ച നടത്താന്‍ ഹിന്ദു-മുസ്ലിം പക്ഷങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് വിശ്വ വേദിക് സനാതന്‍ സംഘ് മേധാവി ജിതേന്ദ്ര സിങാണ് മസ്ജിദ് കമ്മിറ്റിക്ക് കത്ത് നല്‍കിയത്. ഉടന്‍ ചേരുന്ന മസ്ജിദ് കമ്മിറ്റി യോഗത്തില്‍ ഒത്തുതീര്‍പ്പ് ആവശ്യം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് യാസിന്‍ പറഞ്ഞു.

തര്‍ക്കത്തെ ചിലര്‍ മുതലെടുക്കുന്നു

ഗ്യാന്‍വാപി കേസ് സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ നടക്കുന്നതിനിടെയാണ് പരാതിക്കാരില്‍ ഒരാള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് ശ്രമത്തിനായി മുന്നോട്ടുവന്നിരിക്കുന്നത്. മസ്ജിദ് സംബന്ധിച്ച തര്‍ക്കം ഹിന്ദു-മുസ്ലിം തര്‍ക്കമായി മാറിയിരിക്കുന്നുവെന്നും ഇനിയും മുന്നോട്ടുകൊണ്ടുപോകുന്നത് അഭികാമ്യമല്ലെന്നും രാഖി സിങ് കത്തില്‍ പറയുന്നു. ചിലര്‍ രാഷ്ട്രീയ ലാഭത്തിനും മറ്റുമായി ഈ തര്‍ക്കത്തെ ഉപയോഗപ്പെടുത്തുകയാണെന്നും അതിനാല്‍ കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നുമാണ് കത്തിലെ ആവശ്യം. 

രാഖി സിങ് ഉള്‍പ്പെടെയുള്ളവര്‍ ആരാധന അനുവദിക്കണമെന്ന ആവശ്യവുമായി 2021 ലാണ് വാരണാസി ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വെ നടക്കുന്നതിനിടെയാണ് പരാതിക്കാരില്‍ ഒരാളുടെ ഒത്തുതീര്‍പ്പ് ശ്രമം. എന്നാല്‍ തങ്ങള്‍ ഒത്തുതീര്‍പ്പിനു തയ്യാറല്ലെന്നാണ് പരാതി നല്‍കിയ മറ്റു നാലു സ്ത്രീകളുടെ അഭിഭാഷകര്‍ പറയുന്നത്. 

ഗ്യാന്‍വാപി വിഷയത്തില്‍ തെറ്റുപറ്റിയെന്ന് മുസ്ലീം സമൂഹം സമ്മതിക്കണമെന്നും പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ മുന്നോട്ടുവരണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പറഞ്ഞിരുന്നു. 

സര്‍വെ നടപടികള്‍ക്ക് കോടതിയുടെ അനുമതി 

പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്ഐ) യുടെ നേതൃത്വത്തില്‍ പരിശോധന നടത്താന്‍ അലഹബാദ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. സര്‍വെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന പള്ളി കമ്മിറ്റിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാക്കര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവന നടത്തിയത്. ക്ഷേത്രത്തിനു മുകളിലാണോ പള്ളി നിര്‍മിച്ചിട്ടുള്ളതെന്നു കണ്ടെത്താനാണ് വാരണാസി ജില്ലാ കോടതി സര്‍വെക്ക് ഉത്തരവിട്ടത്. ഇതു ചോദ്യം ചെയ്ത് അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ശാസ്ത്രീയ സ്ഥിരീകരണത്തിനായി 

ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംഘം സര്‍വെ നടപടികള്‍ക്കായി ജൂലൈ 24 ന് പള്ളിയില്‍ എത്തിയിരുന്നെങ്കിലും സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. പള്ളി കമ്മിയുടെ ഹര്‍ജി പരിഗണിക്കാന്‍ അലഹബാദ് ഹൈക്കോടതിക്ക് നിര്‍ദേശവും നല്‍കി. നാല്‍പതോളം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പള്ളിയില്‍ കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു. വാരണാസി കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വെ നടപടികള്‍ ആരംഭിച്ചത്. നാല് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഉത്തരവ് പരിഗണിച്ചാണ് കോടതി സര്‍വെ നടത്താന്‍ അനുമതി നല്‍കിയത്. 

പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന ഇടം (ശിവലിംഗം കണ്ടതായി പറയുന്ന സ്ഥലം) ഒഴികെയുള്ള ഭാഗങ്ങളില്‍ സര്‍വെ നടത്താനാണ് വാരണാസി ജില്ലാ കോടതി അനുമതി നല്‍കിയത്. പരിശോധനാ റിപ്പോര്‍ട്ട് ഓഗസ്റ്റ് നാലിനു മുമ്പായി എഎസ്‌ഐ ജില്ലാ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിന്റെ പരിസരം മുഴുവന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സര്‍വെ നടത്തണമെന്ന ഹര്‍ജിയില്‍ മെയ് മാസത്തിലാണ് സുപ്രീംകോടതി വാദം കേള്‍ക്കാന്‍ തയ്യാറായത്. ഹര്‍ജി പരിഗണിച്ച കോടതി ഹിന്ദു സമൂഹം സമര്‍പ്പിച്ച വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗ്യാന്‍വാപി പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടു. 

ആര്‍ക്കിയോളജി വകുപ്പിന്റെ സര്‍വെ മസ്ജിദ് സമുച്ചയത്തിന് പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങള്‍ വരുത്തുമെന്ന് ചൂണ്ടിക്കാട്ടി മുസ്ലിംവിഭാഗം ഹര്‍ജിയെ എതിര്‍ത്തു. പള്ളിയുടെ മൂന്നു മിനാരങ്ങള്‍ക്ക് താഴെ ഭൂമിക്കടിയിലുള്ള സാഹചര്യം വ്യക്തമാക്കാന്‍ ഉപകരിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ (ജിപിആര്‍) സര്‍വെ നടത്താനും കോടതിയുടെ പ്രത്യേക നിര്‍ദേശമുണ്ട്. 

കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശ്യംഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി നിലനില്‍ക്കവെയാണ് സര്‍വെ നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍, കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള വീഡിയോ സര്‍വെയില്‍ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടി. ഇതിന്റെ കാലപ്പഴക്കം നിശ്ചയിക്കുന്നതിനുള്ള കാര്‍ബണ്‍ ഡേറ്റിങ് നടത്തുന്നതു സംബന്ധിച്ച നടപടികളും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 

ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടി സമ്പൂര്‍ണ സര്‍വെ വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധനയ്ക്കായി വാരണാസി ജില്ലാകോടതി അനുമതി നല്‍കിയത്. പള്ളിക്കുള്ളില്‍ കണ്ടെത്തിയ കല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അലഹബാദ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ നമാസ് അര്‍പ്പിക്കുന്നതിനു മുമ്പായി ആളുകള്‍ വുളു ചെയ്യുന്ന വസുഖാനയിലെ ജലധാരയുടെ ഭാഗമാണെന്നായിരുന്നു ഗ്യാന്‍വാപി മസ്ജിദ് വിഭാഗത്തിന്റെ വാദം.


#Daily
Leave a comment