PHOTO: PTI
ഗ്യാന്‍വാപി മസ്ജിദ്; എ.എസ്.ഐ റിപ്പോര്‍ട്ടിനെതിരെ മസ്ജിദ് കമ്മിറ്റി
ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രമുണ്ടായിരുന്നുവെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് മസ്ജിദ് കമ്മിറ്റി രംഗത്ത്. എ.എസ്.ഐ യുടെ റിപ്പോര്‍ട്ട് അന്തിമതീരുമാനമല്ലെന്നും വിദഗ്ധരുമായി ചര്‍ച്ചചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയുടെ ജോയിന്റെ് സെക്രട്ടറി എസ് എം യാസീന്‍ പ്രതികരിച്ചു. ഇതൊരു റിപ്പോര്‍ട്ട് മാത്രമാണെന്നും ഈ സാഹചര്യത്തില്‍ മസ്ജിദ് സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും യാസീന്‍ കൂട്ടിച്ചേര്‍ത്തു.
എ.എസ്.ഐ റിപ്പോര്‍ട്ട്
ഗ്യാന്‍വാപി പള്ളിക്ക് താഴെ മുന്‍പ് ക്ഷേത്രമുണ്ടായതായാണ് പുരാവസ്തു വകുപ്പ് വാരണാസി ജില്ല കോടതിയില്‍ സമര്‍പ്പിച്ച 839 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. പള്ളിയുടെ നിര്‍മാണത്തിന് ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ സൗരഭ് തിവാരിയാണ് റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ വ്യാഴാഴ്ച പുറത്തുവിട്ടത്.
എന്നാല്‍ റിപ്പോര്‍ട്ട് ശാസ്ത്രീയ പഠനത്തെ പരിഹസിക്കുന്നതാണെന്ന വിമര്‍ശനങ്ങളും ഇതോടൊപ്പം ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പ്രഫഷണല്‍ പുരാവസ്തു ഗവേഷകരുടെയോ ചരിത്രകാരന്മാരുടെയോ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടില്ലെന്നും എം പിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചിരുന്നു.
ഹിന്ദുക്ഷേത്രം തകര്‍ത്താണോ മസ്ജിദ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ 2023 ജൂലൈ 21 നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് ജില്ല കോടതി അനുമതി നല്‍കുന്നത്. ഡിസംബര്‍ 18 നാണ് എ.എസ്.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍വേ റിപ്പോര്‍ട്ട് കേസിലെ കക്ഷികളായ ഇരു മത വിഭാഗങ്ങള്‍ക്കും കൈമാറണമെന്നും പരസ്യമാക്കരുതെന്നും കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു.