ജിംനാസ്റ്റിക് താരം സിമോൺ ബൈൽസും എൻ എഫ് എൽ താരം ജോനാഥൻ ഓവൻസും വിവാഹിതരായി.
അമേരിക്കൻ ജിംനാസ്റ്റും ഏഴ് തവണ ഒളിമ്പിക്സ് മെഡൽ ജേതാവുമായ സിമോൺ ബൈൽസും നാഷണൽ ഫുട്ബോൾ ലീഗ് താരം ജോനാഥൻ ഓവൻസും വിവാഹിതരായി. 26 കാരിയായ ബൈൽസ് കഴിഞ്ഞ ദിവസമാണ് തന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും ബൈൽസ് പങ്കിട്ടു.
രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷം 2022 ഫെബ്രുവരിയിൽ ദമ്പതികൾ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇരുവരും ഒരു കോടതി മുമ്പാകെ വിവാഹിതരായ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
2016 റിയോ ഒളിമ്പിക്സിൽ നാലു സ്വർണ മെഡലുകളുൾപ്പെടെ 7 ഒളിമ്പിക്സ് മെഡലുകൾ നേടിയാണ് സിമോൺ ബൈൽസ് ലോക ശ്രദ്ധയാകർഷിക്കുന്നത്. കൂടാതെ 25 ലോക ചാമ്പ്യൻഷിപ് മെഡലുകൾ നേടിയ ബൈൽസ് എക്കാലത്തെയും മികച്ച ജിംനാസ്റ്റായി കണക്കാക്കപെടുന്നു.
1997 മാർച്ച് 14ന് ഒഹായോയിലെ കൊളബസിൽ ജനിച്ച ബൈൽസ് മുത്തച്ഛനൊപ്പം നിന്നായിരുന്നു വളർന്നത്. ആറാം വയസിൽ ആദ്യമായി ജിംനാ സ്റ്റിക്സ് പരിശീലനം ആരംഭിച്ചു. 2011 ജൂലൈ 1ന് ഹുസ്റ്റണിൽ നടന്ന അമേരിക്കൻ ക്ലാസ്സിക് മത്സരത്തിൽ വോൾട്ടിലും ബാലൻസ് ബീമിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി തന്റെ ജിംനാസ്റ്റിക്ക് കരിയറിന് തുടക്കമിട്ടു. പിന്നീട് നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയിയായ ബൈൽസ് പതിനാറാം വയസിൽ ലോക ഓൾറൗണ്ട് കിരീടം നേടുന്ന ഏഴാമത്തെ അമേരിക്കൻ വനിതയും ആദ്യത്തെ ആഫ്രിക്കൻ അമേരിക്കകാരിയുമായി മാറി.
2016ലെ റിയോ ഒളിമ്പിക്സിലെ മെഡൽ നേട്ടത്തോടെ ജിംനാസ്റ്റിക്‌സിൽ ചൈനയെ പിന്തള്ളി യു എസ് ടീമിനെ ഒന്നാം സ്ഥാനത്തെത്തിക്കാൻ സഹായിച്ചു. ഇതോടൊപ്പം ഒളിമ്പിക്സ് ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണമെഡൽ നേടുന്ന ആദ്യ അമേരിക്കൻ വനിതയെന്ന റെക്കോർഡും സ്വന്തം പേരിലാക്കി.
ടോക്യോ ഒളിമ്പിക്സിലെ പിന്മാറ്റം
തുടർന്നും നേട്ടങ്ങൾ സ്വന്തമാക്കിയ സിമോൺ ടോക്യോ ഒളിമ്പിക്സിൽ ഏഴ് മത്സരങ്ങൾക്ക് യോഗ്യത നേടി. എന്നാൽ കടുത്ത മാനസിക സമ്മർദ്ദം മൂലം ചില മത്സരങ്ങളിൽ നിന്ന് പിന്മാറി. വോൾട്ടിലും, അൺ ഈവൻ ബാർസിലും ഓൾ എറൗണ്ട് ഫൈനലിൽ നിന്നുമാണ് ബൈൽസ് പിന്മാറിയത്. പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലിൽ ഉണ്ടെന്നും അവ താങ്ങാൻ കഴിയുന്നതല്ലെന്നും ബൈൽസ് വെളിപ്പെടുത്തി. കായിക താരങ്ങൾ നേരിടുന്ന മാനസിക സമർദ്ദങ്ങൾ പല വിധത്തിൽ രൂപപ്പെടുന്നത് ആണെന്നും അവ ചർച്ച ചെയേണ്ടത് അത്യാവശ്യമാണെന്നും അവർ പങ്കുവെച്ചിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ ബൈൽസിനെ ഓവെൻസും പിന്തുണച്ചിരുന്നു. തുടർന്ന് അവസാന മത്സരമായ ബാലൻസിങ് ബീം വിഭാഗത്തിൽ മത്സരിക്കാൻ ഇറങ്ങിയ ബൈൽസ് വെങ്കലം സ്വന്തമാക്കി.
പുരസ്‌കാരങ്ങൾ
മെഡൽ നേട്ടങ്ങളോടെ പുരസ്‌കാര നേട്ടങ്ങളും ബൈൽസിനെ തേടിയെത്തി. 2015 ഡിസംബറിൽ ബൈൽസിനെ ടീം യുഎസ്എ വനിതാ ഒളിമ്പിക് അത്‌ലറ്റ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു, ഈ ബഹുമതി നേടുന്ന നാലാമത്തെ ജിംനാസ്റ്റിക്ക് താരമാണ് ബൈൽസ്.
കായിക താരങ്ങളുടെ മാനസിക ആരോഗ്യം സംരക്ഷികുന്നതിനായി പ്രവർത്തിച്ച ബൈൽസ് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ ടൈം 100ൽ ഇടം പിടിച്ചു.
2022 ജൂലൈ 7-ന് വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോ ബൈഡൻ സിവിലിയൻമാർക്ക് നൽകുന്ന രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ചു. ഈ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ബൈൽസ്.