H1ബി വിസ ഫീസ് ഒരു ലക്ഷം ഡോളർ ആക്കി
H1ബി വിസ അപേക്ഷ ഫീസ് വർധിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വിസ ഫീസ് 100,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ആയി വർധിപ്പിച്ചത്. നടപടി ടെക് കമ്പനികൾക്ക് വൻ തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ. ടെക്നോളജി രംഗത്ത് അമേരിക്കക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടിയാണിതെന്ന് ട്രംപ് പ്രതികരിച്ചു.
‘വളരെ ഉയർന്ന വൈദഗ്ധ്യമുള്ളവരും’ യുഎസ് പൗരന്മാരായ തൊഴിലാളികൾക്ക് പകരം വയ്ക്കാൻ കഴിയാത്തവരാണെന്ന് ഉറപ്പാക്കുക എന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു.
എഞ്ചിനീയറിംഗ്, സയൻസ്, ഫിനാൻസ്, ടെക്‌നോളജി എന്നീ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H1ബി വിസ. നിലവിൽ H1ബി വിസ ഉടമകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. മൂന്ന് വർഷത്തെ കാലാവധിയുള്ള വിസയിൽ 2020 മുതൽ 2023 വരെയുള്ള കാലയളവിൽ അനുവദിച്ച H1ബി വിസകളുടെ 71 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.


