
പാതിവില തട്ടിപ്പ്: സായിഗ്രാം ട്രസ്റ്റ് ചെയര്‍മാനെ കസ്റ്റഡിയിലെടുത്തു
പാതിവിലയ്ക്ക് സാധനങ്ങള്‍ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും 500 കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഇതേതുടര്‍ന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനന്ദ് കുമാറിന്റെ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ വഴിയാണ് തട്ടിപ്പ് നടന്നത്. ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.
എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കീഴിലുള്ള വിവിധ എന്‍ജിഒകള്‍ വഴിയാണ് ആളുകളില്‍ നിന്നും പണം പിരിച്ചത്. കോണ്‍ഫെഡറേഷന്‍ ദേശീയ ചെയര്‍മാന്‍ ആണ് ആനന്ദ് കുമാര്‍.
മുഖ്യപ്രതിയായ അനന്തുകൃഷ്ണനില്‍ നിന്നും എല്ലാ മാസവും ആനന്ദകുമാറിന് പണം ലഭിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
ഇയാള്‍ക്കെതിരെ കണ്ണൂര്‍ സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. വിവിധ ജില്ലകളില്‍ കേസുകളുണ്ട്. ഏത് കേസില്‍ ആദ്യം അറസ്റ്റ് രേഖപ്പെടുത്തണമെന്ന് തീരുമാനിച്ചിട്ടില്ല.
ജാമ്യാപേക്ഷയുടെ വാദത്തില്‍ തട്ടിപ്പുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ട്രസ്റ്റിലേക്കാണ് തുക എത്തിയതെന്നും ആനന്ദ് കുമാര്‍ വാദിച്ചു. തട്ടിപ്പിനെക്കുറിച്ച് എല്ലാ അറിവും ഇയാള്‍ക്കുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
ആനന്ദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതെന്ന് നേരത്തെ അറസ്റ്റിലായ അനന്തുകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു.
വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് പകുതി വിലയ്ക്ക് വാഹനങ്ങള്‍, ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍ തുടങ്ങിയവ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ആളുകളില്‍ നിന്നും പണം പിരിച്ചിരുന്നത്.