
പാതിവില തട്ടിപ്പ്: പ്രതിയുടെ ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചു: മുഖ്യമന്ത്രി
പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ അനന്തുകൃഷ്ണന്റെ മൂന്ന് ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള കോടതി നടപടികള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
പാതി വിലയ്ക്ക് സാധനങ്ങള്‍ വാഗ്ദാനം ചെയ്ത് കേരളത്തിലുടനീളം തട്ടിപ്പ് നടത്തിയതിന് മാര്‍ച്ച് 12 വരെ 1,343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇതില്‍ 665 കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി.
ഇതില്‍ 386 കേസുകളില്‍ അന്വേഷണം ആരംഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങി പറ്റിച്ചുവെന്ന ഈ കേസുകളില്‍ 49,386 പേരില്‍നിന്നും 281.43 കോടി രൂപ തട്ടിയെടുത്തുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 16,438 പേര്‍ക്ക് സ്‌കൂട്ടര്‍ നല്‍കി.
ലാപ്‌ടോപ് വാഗ്ദാനം ചെയ്ത് 36,891 പേരില്‍ നിന്നും 9.22 കോടി രൂപ പിരിച്ചു. 29,897 പേര്‍ക്ക് ലാപ് ടോപ് നല്‍കി.
തയ്യല്‍ മെഷീനുവേണ്ടി 56,082 പേര്‍ പണം നല്‍കി. ഇവരില്‍നിന്നും 23.24 കോടി രൂപ വാങ്ങി. 53,478 പേര്‍ക്ക് മെഷീന്‍ നല്‍കി.
മുഖ്യപ്രതി അനന്തുകൃഷ്ണനെ കൂടാതെ രവി പന്നയ്ക്കല്‍, പി വി റിയാസ്, മുഹമ്മദ് ഷാഫി, ആനന്ദ കുമാര്‍ എന്നിവരെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


