
പാതിവിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്; 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്
പാതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് സാധാരണക്കാരായ ജനങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ 12 സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തുന്നു. കേസിലെ ഒന്നാം പ്രതിയായ അനന്തുകൃഷ്ണന്‍, സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാര്‍ എന്നിവരുടെ സ്ഥാപനങ്ങളിലും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലും ആണ് റെയ്ഡ് നടക്കുന്നത്.
അനന്തുകൃഷ്ണന്റെ വീട്ടിലും എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഓഫീസിലും ആനന്ദ് കുമാറിന്റെ സായ് ഗ്രാമത്തിന്റെ ഓഫീസില്‍ പരിശോധന നടക്കുന്നു. ആനന്ദ് കുമാറിന്റെ വീടിനോട് ചേര്‍ന്നാണ് ഈ ഓഫീസ് സ്ഥിതി ചെയ്യുന്നത്.
കൊച്ചിയില്‍ നിന്നുള്ള അറുപതോളം ഉദ്യോഗസ്ഥര്‍ ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്.
അനന്തുകൃഷ്ണന്‍ നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ആനന്ദ കുമാറിന് തട്ടിപ്പില്‍ മുഖ്യ പങ്കുണ്ടെന്ന് ഇഡി വിലയിരുത്തുന്നു. തട്ടിപ്പിന് ഇരയായവരുടെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.
ആകെ 159 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് ഇഡി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. സാധാരണക്കാരില്‍ നിന്നും തട്ടിയെടുത്തപണം കള്ളപ്പണമായി കൈമറിഞ്ഞുവെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവായ ലാലി വിന്‍സന്റിന് അനന്തുകൃഷ്ണന്‍ 46 ലക്ഷം രൂപ നല്‍കിയെന്ന് കേരള പൊലീസ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.