
ഹമാസും, ഇസ്രയേലും വെടിനിർത്തൽ ധാരണയിലെത്തി
ഇസ്രായേലും, ഹമാസും ഗാസ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ട ധാരണയിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. വെടിനിർത്തൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ "എല്ലാ വ്യവസ്ഥകളും നടപ്പാക്കൽ സംവിധാനങ്ങളും" സംബന്ധിച്ച് ധാരണയിലെത്തിയതായി ചർച്ചകളിലെ പ്രധാന മധ്യസ്ഥരിൽ ഒന്നായ ഖത്തർ പറഞ്ഞു. "ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനും, അധിനിവേശക്കാർ അതിൽ നിന്ന് പിന്മാറുന്നതിനും, ഗാസയിൽ സഹായങ്ങൾ എത്തിക്കുന്നതിനും, തടവുകാരെ കൈമാറുന്നതിനും വ്യവസ്ഥ ചെയ്യുന്ന കരാറിൽ" എത്തിയതായി ഹമാസ് ഒരു പൊതു പ്രസ്താവനയിൽ പറഞ്ഞു. ഗാസ വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതിനായി വ്യാഴാഴ്ച സർക്കാർ യോഗം ചേരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു, "ഇസ്രായേലിന് ഒരു മഹത്തായ ദിനം" എന്നും അദ്ദേഹം പറഞ്ഞു.
2023 ഒക്ടോബർ മുതൽ ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ കുറഞ്ഞത് 67,183 പേർ കൊല്ലപ്പെടുകയും 169,841 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിന് പേർ കൂടി തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി കരുതപ്പെടുന്നു. 2023 ഒക്ടോബർ 7ന് നടന്ന ആക്രമണങ്ങളിൽ ഇസ്രായേലിൽ ആകെ 1,139 പേർ കൊല്ലപ്പെടുകയും ഏകദേശം 200 പേർ ബന്ദികളാക്കപ്പെടുകയും ചെയ്തു.
വെടിനിർത്തൽ കരാറിനെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രശംസിച്ചു.
ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള "വിശ്വസനീയമായ രാഷ്ട്രീയ പാത" സ്ഥാപിക്കുന്നതിനും പലസ്തീൻ പ്രദേശത്തെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനുമുള്ള "മഹത്തായ അവസരം" ആയി വെടിനിർത്തൽ പ്രഖ്യാപനത്തെ അദ്ദേഹം വിലയിരുത്തി.
"അത്യാവശ്യമായ ഈ മുന്നേറ്റത്തിന് മധ്യസ്ഥത വഹിക്കുന്നതിൽ അമേരിക്ക, ഖത്തർ, ഈജിപ്ത് [കൂടാതെ] തുർക്കിയുടെയും നയതന്ത്ര ശ്രമങ്ങളെയും" ഗുട്ടെറസ് പ്രശംസിച്ചു. സഹായ വിതരണങ്ങളും, ഗാസയിലെ പുനർനിർമ്മാണ ശ്രമങ്ങളും യുഎൻ "വർദ്ധിപ്പിക്കും" എന്ന് പറഞ്ഞു.
"എല്ലാ ബന്ദികളെയും മാന്യമായ രീതിയിൽ വിട്ടയക്കണം. സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കണം. പോരാട്ടം എന്നെന്നേക്കുമായി അവസാനിപ്പിക്കണം. മാനുഷിക വിതരണങ്ങളുടെയും, അവശ്യ വാണിജ്യ വസ്തുക്കളുടെയും [ഉടനടി] തടസ്സമില്ലാതെ പ്രവേശനം ഉറപ്പാക്കണം. കഷ്ടപ്പാടുകൾ അവസാനിപ്പിക്കണം," അദ്ദേഹം Xൽ കൂട്ടിച്ചേർത്തു.
'ലോകത്തിന് മഹത്തായ ദിവസം: ട്രംപ്
ഈജിപ്തിൽ ഒപ്പുവച്ച വെടിനിർത്തൽ കരാർ 'ലോകത്തിന് ഒരു മഹത്തായ ദിവസമാണ്' എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. "ഇതിനായി ലോകം മുഴുവൻ ഒന്നിച്ചു. ഇത് ഒരു അത്ഭുതകരമായ ദിവസമായിരുന്നു," ട്രംപ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. "ലോകത്തിന് ഇത് ഒരു മഹത്തായ ദിവസമാണ്. ഇത് ഒരു അത്ഭുതകരമായ ദിവസമാണ്, എല്ലാവർക്കും ഒരു അത്ഭുതകരമായ ദിവസമാണ്," അദ്ദേഹം പറഞ്ഞു.
ഇസ്രായേലിന് മഹത്തായ ദിനം
വെടിനിർത്തൽ കരാറിനെ "ഇസ്രായേലിന് ഒരു മഹത്തായ ദിനം" എന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രശംസിച്ചുവെന്നും, കരാർ അംഗീകരിക്കാൻ ഇന്ന് സർക്കാർ യോഗം ചേരുമെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു.
താനും, ട്രംപും "വളരെ വൈകാരികവും ഊഷ്മളവുമായ ഒരു സംഭാഷണം നടത്തി", എന്നും അതിൽ "എല്ലാ ബന്ദികളുടെയും മോചനത്തിനായുള്ള കരാറിൽ ഒപ്പുവച്ചതിന്റെ ചരിത്രപരമായ നേട്ടത്തിന് പരസ്പരം അഭിനന്ദിച്ചുവെന്നും" നെതന്യാഹുവിന്റെ ഓഫീസ് ഒരു പ്രസ്താവന പറഞ്ഞു.
"പ്രസിഡന്റ് ട്രംപിന്റെ എല്ലാ ശ്രമങ്ങൾക്കും, ആഗോള നേതൃത്വത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു, പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയമുള്ള നേതൃത്വത്തിനും അദ്ദേഹം നയിച്ച പ്രവർത്തനങ്ങൾക്കും പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. അടുത്ത സഹകരണം തുടരാൻ ഇരുവരും സമ്മതിച്ചു. ഇസ്രായേൽ നെസറ്റിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി പ്രസിഡന്റ് ട്രംപിനെ ക്ഷണിച്ചു," പ്രസ്താവനയിൽ പറയുന്നു.
ട്രംപിൽ പ്രതീക്ഷയുമായി ഹമാസ്
പുതിയ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇസ്രായേലി തടവുകാരെയെല്ലാം മോചിപ്പിക്കുമെന്നതിനാൽ, ഗാസയിൽ ഇസ്രായേൽ വീണ്ടും വംശഹത്യ തുടങ്ങാതിരിക്കുന്നതിന് ഹമാസ് പ്രതീക്ഷയർപ്പിക്കുന്നത് ട്രംപിലാണ്.
സംഘർഷം ആരംഭിച്ചതുമുതൽ, യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുകയും ഗാസയിൽ നിന്നും ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുകയുമാണ് തങ്ങളുടെ പ്രധാന ആവശ്യമെന്ന് ഹമാസ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ച് മാർച്ചിൽ യുദ്ധം പുനരാരംഭിച്ചതിനാൽ ആ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടില്ല.
ഗാസയിലെ ഇസ്രായേലി തടവുകാരുടെ സാന്നിധ്യം ഇസ്രായേലിന്റെ ആക്രമണങ്ങളെ തടഞ്ഞില്ലെങ്കിലും, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരായ ഒരു ആഭ്യന്തര സമ്മർദ്ദ പോയിന്റായിരുന്നു അത്. തടവുകാരുടെ കുടുംബങ്ങൾ ഇടയ്ക്കിടെ പ്രതിഷേധിക്കുകയും യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരിന്നു.
അതിനാൽ തടവുകാരെ കൈമാറുന്നതോടെ വെടിനിർത്തൽ നിലനിർത്തുന്നതിൽ ട്രംപിന്റെ പങ്ക് നിർണായകമാകുമെന്ന് ഹമാസ് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. വ്യക്തിപരമായ പ്രശംസ ഇഷ്ടപ്പെടുന്ന വ്യക്തിയായി അമേരിക്കൻ പ്രസിഡന്റിനെ ഹമാസ് പ്രശംസിച്ചു. കരാർ പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.


