TMJ
searchnav-menu
post-thumbnail

TMJ Daily

ഗാസയെ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ ഹമാസ് തള്ളി; മദ്ധേഷ്യ ഞെട്ടലില്‍

05 Feb 2025   |   1 min Read
TMJ News Desk

പാലസ്തീനികളെ ഗാസയ്ക്ക് പുറത്തേക്ക് മാറ്റിപാര്‍പ്പിക്കാനും ഗാസയെ ഏറ്റെടുത്ത് ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ ഞെട്ടി മദ്ധ്യേഷ്യന്‍ ലോകം. ട്രംപിന്റെ അഭിപ്രായം ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനമാണെന്ന് ഖത്തര്‍ പറഞ്ഞു. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച വെടിനിര്‍ത്തല്‍ കരാറിന് മധ്യസ്ഥം വഹിച്ച രാജ്യങ്ങളില്‍ പ്രധാനിയാണ് ഖത്തര്‍.

ഗാസാവാസികള്‍ പ്രദേശം ഒഴിഞ്ഞു പോകണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തെ തള്ളുന്നതായി ഹമാസ് പറഞ്ഞു.

വംശഹത്യക്കും പലായനത്തിനും കാരണക്കാരായ സിയോണിസ്റ്റ് അധിനിവേശക്കാരെ ശിക്ഷിക്കുന്നതിന് പകരം അവര്‍ക്ക് സമ്മാനം നല്‍കുകയാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. മേഖലയില്‍ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ളതാണ് ഇതെന്നും ഹമാസ് പറഞ്ഞു.

സ്വതന്ത്ര പാലസ്തീന്‍ രാജ്യമെന്ന തങ്ങളുടെ ദീര്‍ഘകാല ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സൗദി അറേബ്യ പറഞ്ഞു. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി പാലസ്തീന്‍ രാജ്യം സ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെ അശാന്ത പരിശ്രമം അവസാനിപ്പിക്കുകയില്ലെന്ന് സൗദിയുടെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലിന് നയതന്ത്ര അംഗീകാരം നല്‍കുന്നതിന് പകരം സുരക്ഷാ കരാര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് യുഎസുമായി സൗദി അറേബ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.





#Daily
Leave a comment