TMJ
searchnav-menu
post-thumbnail

TMJ Daily

വെടിനിർത്തൽ നിർദേശം പഠിക്കുന്നു: ഹമാസ്

03 Jul 2025   |   1 min Read
TMJ News Desk

ഗാസയിൽ താൽക്കാലിക വെടിനിർത്തലിനുള്ള പുതിയ നിർദ്ദേശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് പറഞ്ഞു. മധ്യസ്ഥരിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, ചർച്ചയിലേക്ക് മടങ്ങുന്നതിനും, വെടിനിർത്തൽ കരാറിലെത്തുന്നതിനും "വിടവുകൾ നികത്താൻ" അവരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനും ഇസ്രായേൽ സൈന്യത്തെ ഗാസയിൽ നിന്നും പിൻവലിക്കുന്നത് ഉറപ്പാക്കുന്നതിനുമുള്ള ഒരു കരാറാണ് ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു.

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശത്തിന് ഇസ്രായേൽ സമ്മതിച്ചതായും സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് ഹമാസിനോട് കരാർ അംഗീകരിക്കാൻ ആവശ്യപ്പെട്ടതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ഹമാസിന്റെ പ്രഖ്യാപനം. വെടിനിർത്തൽ കരാർ ഒപ്പിടാനും, ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി തടവുകാരെ മോചിപ്പിക്കാനുള്ള ഒരു കരാറിൽ മധ്യസ്ഥത വഹിക്കാനും ട്രംപ് ഇസ്രായേൽ സർക്കാരിനും ഹമാസിനും മേൽ സമ്മർദ്ദം ചെലുത്തിവരികയാണ്.

യുദ്ധം അവസാനിപ്പിക്കുന്നതിനായി പ്രവർത്തിക്കാൻ 60 ദിവസത്തെ കാലയളവ് ഉപയോഗിക്കുമെന്ന് ട്രംപ് പറഞ്ഞു. അടുത്ത ആഴ്ച ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും.

എന്നാൽ യുദ്ധം അവസാനിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം ഊന്നിപ്പറഞ്ഞുള്ള പ്രഖ്യാപനം, യഥാർത്ഥ വെടിനിർത്തൽ ആയി മാറുമോ എന്ന കാര്യം ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്. ഹമാസിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ, യുദ്ധാനന്തര ഗാസയിൽ "ഹമാസ് ഉണ്ടാകില്ല" എന്ന് നെതന്യാഹു പറഞ്ഞു.

വെടിനിർത്തൽ ചർച്ചകൾ ഉടൻ പുരോഗമിക്കുന്നില്ലെങ്കിൽ ഗാസയിൽ ഇസ്രായേൽ സൈന്യം തങ്ങളുടെ ഓപ്പറേഷൻസ് കൂടുതൽ തീവ്രമാക്കുമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ആക്സിയോസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.


#Daily
Leave a comment