
ഹംപി ബലാല്‍സംഗക്കേസ്: മൂന്നാമത്തെ പ്രതി തമിഴ്‌നാട്ടില്‍ അറസ്റ്റില്‍
കര്‍ണാടകയിലെ ഹംപിയില്‍ ഇസ്രായേലില്‍ നിന്നുള്ള വനിത ടൂറിസ്റ്റിനേയും ഹോം സ്റ്റേ ഉടമയായ സ്ത്രീയേയും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയെ കനാലില്‍ തള്ളിയിട്ട് കൊല്ലുകയും ചെയ്ത കേസിലെ മൂന്നാം പ്രതിയെ തമിഴ്‌നാട്ടില്‍നിന്നും അറസ്റ്റ് ചെയ്തു.
മറ്റ് രണ്ട് പേരെ ശനിയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു.
വ്യാഴാഴ്ച്ച രാത്രിയിലാണ് വാനനിരീക്ഷണം നടത്തുകയായിരുന്ന സംഘത്തെ മൂന്ന് ബൈക്കുകളിലായെത്തിയവര്‍ ആക്രമിച്ചത്. ഇസ്രായേലുകാരിക്കും ഹോം സ്റ്റേ ഉടമയ്ക്കും ഒപ്പം മൂന്ന് പുരുഷ ടൂറിസ്റ്റുകളും ഉണ്ടായിരുന്നു. ഇവര്‍ യുഎസ്, ഒഡീഷ, മഹാരാഷ്ട്ര സ്വദേശികളാണ്.
കനാല്‍ കരയില്‍ ഇരിക്കുമ്പോഴാണ് അക്രമം ഉണ്ടായത്. ഇവര്‍ ടൂറിസ്റ്റുകളോട് ആദ്യം പണം ആവശ്യപ്പെട്ടു. നല്‍കാത്തതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പുരുഷന്‍മാരെ കനാലിലേക്ക് തള്ളിയിട്ടശേഷമാണ് സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചത്. ശനിയാഴ്ച്ചയാണ് 26 വയസ്സുള്ള ഒഡീഷ സ്വദേശിയുടെ മൃതദേഹം തുംഗഭദ്ര കനാലില്‍ നിന്നും കണ്ടെത്തിയത്.
കൂട്ടബലാല്‍സംഗം, പിടിച്ചുപറി, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. മൂന്ന് പ്രതികള്‍ക്കുമായി ആറ് പൊലീസ് സംഘങ്ങളാണ് തിരച്ചില്‍ നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.