പാക് വംശജൻ സ്കോട്ട്‌ലന്റ് പ്രധാനമന്ത്രി
സ്‌കോട്ട്‌ലന്റ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പാക് വംശജനായ ഹംസ യൂസഫ് തെരഞ്ഞെടുക്കപ്പെട്ടു. 37കാരനായ ഹംസ യൂസഫ് സ്‌കോട്ട്‌ലന്റിലെ പ്രധാന രാഷ്ട്രീയ പാർട്ടിയുടെ നേതാവാകുന്ന ആദ്യ ന്യൂനപക്ഷ വിഭാഗത്തിൽപെട്ടയാളാണ്. സ്‌കോട്ടിഷ് നാഷണൽ പാർട്ടിയുടെ വളരെ പ്രധാനപ്പെട്ട നേതാവാണ് ഹംസ യൂസഫ്. നിക്കോള സ്റ്റർജന്റെ പിൻഗാമിയായി അംഗീകരിക്കപ്പെട്ട ഹംസ യൂസഫ് എതിരാളിയായ കേറ്റ് ഫോർബ്‌സിനെ പരാജയപ്പെടുത്തിയാണ് സ്‌കോട്ടിഷ് പ്രധാനമന്ത്രി പദവിയിലേക്കെത്തിയത്. പടിഞ്ഞാറൻ യൂറോപ്പിൽ ഒരു രാജ്യത്തെ നയിക്കുന്ന ആദ്യത്തെ മുസ്ലീമായി ഇദ്ദേഹം മാറി.
സ്‌കോട്ട്‌ലന്റിന് പൂർണ സ്വാതന്ത്ര്യം നേടിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും, പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തെ സേവിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയും ബഹുമതിയുമായി കണക്കാക്കുന്നു എന്നും പാക്കിസ്ഥാൻ വംശജൻ കൂടിയായ ഹംസ യൂസഫ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള പ്രസംഗത്തിൽ പറഞ്ഞു.