
ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിയതിൽ സന്തോഷം: ഡോ ഹാരിസ് ചിറയ്ക്കൽ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിയതിൽ സംതൃപ്തി പ്രകടിപ്പിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. വേണ്ട ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള കാലതാമസം മൂലം ശസ്ത്രക്രിയകൾ മുടങ്ങുന്നതിനെ പറ്റി ഡോക്ടർ ഹാരിസ് തന്റെ സാമൂഹ്യ മാധ്യമ പേജിൽ എഴുതിയ കുറിപ്പ് വലിയ വിവാദമായിരുന്നു. അതിനെ തുടർന്നാണ് ശസ്ത്രക്രിയ ഉപകരണങ്ങൾ അടിയന്തിരമായി എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചത്. തൽഫലമായി യൂറോളജി വകുപ്പിലേക്ക് വേണ്ട ശസ്ത്രക്രിയ ഉപകരണം കഴിഞ്ഞ ദിവസം എത്തുകയും ശസ്ത്രക്രിയകൾ ആരംഭിക്കുകയും ചെയ്തിരുന്നു.
അതേ സമയം ഈ വിഷയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളിൽ നിന്നും ഡോക്ടർ ഹാരിസ് അകലം പാലിച്ചു. ഉന്നയിച്ച വിഷയങ്ങൾ ആരോഗ്യ മന്ത്രിക്കും, മന്ത്രിസഭക്കുമെതിരെയുള്ള കുറ്റപ്പെടുത്തൽ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രകടിപ്പിച്ച വിമർശനത്തിൽ വിഷമമില്ലെന്നും, അദ്ദേഹം ഗുരുനാഥന് തുല്യമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥ തലത്തിലെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയുള്ള നിലപാട് തുടരുമെന്നും പറഞ്ഞു.


